രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം; രാഷ്ട്രീയ പ്രേരിതമാകാമെന്ന് സണ്ണി ജോസഫ്

എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം; രാഷ്ട്രീയ പ്രേരിതമാകാമെന്ന് സണ്ണി ജോസഫ്
dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും': സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂരിലാണ് പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഏറെയുളളതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ നിന്നാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയതെന്നും ഇവിടുത്തെ ഭരണാധികാരികളുടെയും സിപിഐഎം നേതാക്കളുടെയും കണ്ണ് തുറപ്പിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ ജനവിധിയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

'കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നസാധ്യതാ പ്രദേശങ്ങളുള്ളത്. കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ടെത്തിയത്. കേരള ഹൈക്കോടതി പറഞ്ഞത് ഇവിടുത്തെ ഭരണാധികാരികളുടെയും സിപിഐഎം നേതാക്കളുടെയും കണ്ണ് തുറപ്പിക്കണം എന്നാണ്. ജനങ്ങള്‍ ആശങ്കയിലാണ്. സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ സാധിക്കുമോ? സ്ഥാനാര്‍ത്ഥികള്‍ തന്നെ ഹൈക്കോടതിയില്‍ പോകുകയാണ്. വിധിയുമായി പൊലീസിനെ കാണുന്നു, നീതിക്ക് വേണ്ടി. ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പ് പരമപ്രധാനമാണ്. ആ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകാനും ഒരാള്‍ ഒരു വോട്ട് മാത്രം ചെയ്യാനും, കള്ള വോട്ട് ചെയ്യാതിരിക്കാനും അക്രമങ്ങള്‍ തടയാനും സംവിധാനങ്ങള്‍ക്കും അധികാരികള്‍ക്കും പൊലീസിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കണം. അത് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. അക്കാര്യത്തില്‍ കണ്ണൂരില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇത്രയധികം പരാതി ഹൈക്കോടതിയില്‍ പോയത്. ഹര്‍ജികളുടെ വലിയ കെട്ടുകളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഹൈക്കോടതി വിധി പാലിക്കപ്പെടണം': സണ്ണി ജോസഫ് പറഞ്ഞു.

ശബരിമലയിലെ കൊളളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് ഭരണകക്ഷി സംരക്ഷണം നല്‍കുകയാണെന്നും ജയിലില്‍ കഴിയുന്ന സിപിഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. 'പ്രതികളെ സംരക്ഷണ കവചം ഒരുക്കി സംരക്ഷിക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്നത്. കൂടുതല്‍ ഉന്നതരായ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനിടയില്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ, അക്രമരാഷ്ട്രീയം, വന്യമൃഗ ശല്യം. തീരദേശ മേഖലയുടെ പ്രതിസന്ധി, അഴിമതി ഇതെല്ലാം സര്‍ക്കാരിനെതിരെ ജനങ്ങളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വലിയ ജനവിധിയുണ്ടാകും': സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Content Highlights:There are many problematic booths in Kannur, people are worried: Sunny Joseph

dot image
To advertise here,contact us
dot image