

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോള്‍ സര്‍വേയാണെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ദിവസം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സര്‍വേ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രീ പോള്‍ സര്‍വേ നടത്താറുള്ള ഏജന്‍സിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു പങ്കുവെച്ചത്. എന്നാല്‍ സംഭവത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സര്‍വേ പങ്കുവെച്ചതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
ആര്‍ ശ്രീലേഖയ്ക്കെതിരെ നടപടി ആരംഭിച്ചതായി വോട്ടെടുപ്പ് ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കളക്ടറോടും റിട്ടേണിങ് ഓഫീസറോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ട പോളിങ് നടന്ന ചൊവ്വാഴ്ചയാണ് ഫേസ്ബുക്കില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അഭിപ്രായ സര്‍വേ ആര്‍ ശ്രീലേഖ പങ്കുവെച്ചത്.
'തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ…' എന്ന കുറിപ്പും ശ്രീലേഖ പങ്കുവെച്ചിരുന്നു. നേരത്തെ വിരമിച്ചിട്ടും സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററുകളില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് റിട്ടയേര്‍ഡ് എന്ന് എഴുതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ചട്ടവിരുദ്ധ നടപടിയുമായും ശ്രീലേഖ രംഗത്തെത്തിയത്.
Content Highlights: Report says R Sreelekha shared fake survey about election