ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, പറമ്പിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണം: മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു

ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, പറമ്പിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണം: മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
dot image

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലനെന്നും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നേരത്തെയും നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണ് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ ഒന്നില്‍ കൂടുതല്‍ അടിയേറ്റതിന്റെ മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1.53 നുളള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചിത്രപ്രിയയ്ക്കൊപ്പമുണ്ടായിരുന്നത് അലനാണ് എന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടു എന്നാണ് തുടക്കത്തില്‍ അലന്‍ പറഞ്ഞത്. ഇതോടെ ഇയാളെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

Content Highlights: Chitrapriya and Alan used to fight, signs of force in the field: Liquor bottle near the body

dot image
To advertise here,contact us
dot image