

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ദിലീപ് തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറിച്ച് അഭിപ്രായമുള്ളവർക്ക് മേൽക്കോടതികളിലേക്ക് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
'ഞാൻ കോടതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. കാരണം നിരവധി തെളിവുകളും രേഖകളും സാക്ഷികളെയും പരിഗണിച്ചിട്ടാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. അത് തെറ്റാണെന്ന് പറയാൻ ആളല്ല. കോടതിക്ക് അപ്പുറത്ത് എനിക്കൊന്നുമറിയില്ല. കോടതിയിൽ പൂർണ വിശ്വാസമാണുള്ളത്. എതിർ അഭിപ്രായമുള്ളവർക്ക് മേൽക്കോടതികളിലേക്ക് പോകാം. ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യവും അറിവുമാണ്. അപ്പോൾ ഒരു പൗരനെന്ന നിലയിൽ കോടതിയെ ബഹുമാനിക്കുന്നു. സിനിമാ സംഘടനകളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാൾ അല്ല ഞാൻ. ദിലീപ് അമ്മയിലോ ഫെഫ്ക്കയിലോ തിരിച്ചുവരുന്നതിനെ കുറിച്ച് ഇപ്പോൾ പറയേണ്ട കാര്യമല്ല.'- അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടപ്പോൾ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്കെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഏഴ് മുതൽ 10 വരെയുള്ള പ്രതികളെ കോടതി വെറുതെ വിടുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും കേസിൻ്റെ മുഖ്യസൂത്രധാരൻ എന്ന നിലയിലായിരുന്നു ദിലീപിനെതിരെയും പ്രോസിക്യൂഷൻ ബലാത്സംഗക്കുറ്റം ചുമത്തിയത്. ദിലീപിനെതിരായി നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നെങ്കിലും ഇതൊന്നും എട്ടാംപ്രതിയുടെ പങ്ക് തെളിയിക്കുന്നതിലേക്ക് നയിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
Content Highlights: Director Sathyan Anthikad's response on Actress attack case Verdict