

കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി നല്‍കാനൊരുങ്ങി വത്തിക്കാന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പാത്രിയാര്‍ക്കീസ് ആയേക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ഉണ്ടാകും.
ഡിസംബര്‍ പതിനഞ്ചിന് മാര്‍പാപ്പയുമായി ഇരുവരും വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്നായിരിക്കും പാത്രിയാര്‍ക്കീസ് പദവി നല്‍കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. പാത്രിയാര്‍ക്കീസ് പദവി ആത്മീയ പദവി കൂടിയാണ്. സിറോ മലബാര്‍ സഭയ്ക്ക് കോട്ടയം, ചങ്ങനാശേരി, എറണാകുളം അങ്കമാലി, തലശേരി എന്നീ അതിരൂപതകള്‍ക്കായി നാല് ആര്‍ച്ച് ബിഷപ്പുമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കുമേലുണ്ടായിരുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലായിരുന്നു. അത് ഭരണനിര്‍വഹണ പദവിയായിരുന്നു. പാത്രിയാര്‍ക്കീസ് പദവിയിലേക്ക് റാഫേല്‍ തട്ടില്‍ ഉയര്‍ത്തപ്പെടുന്നതോടെ സഭയും ആത്മീയ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.
Content Highlights: Vatican set to grant patriarchal status to Syro-Malabar Church