

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനറാണ് അതിജീവിതയ്‌ക്കെതിരെ പറഞ്ഞതെന്നും രണ്ടാംഘട്ടത്തില്‍ കെപിസിസി പ്രസിഡന്റും പറഞ്ഞിരിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ഓടുകയാണെന്നും അവരുടെ പരാതിയിലടക്കം സംശയം പ്രകടിപ്പിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.
ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രീയവാദികളാണെന്നും രണ്ടും ഒരേ സ്വഭാവമുളള സംഘടനകളാണെന്നും എം ബി രാജേഷ് പറഞ്ഞു. 'ഒരുഭാഗത്ത് സവര്‍ക്കര്‍ എങ്കില്‍ മറുഭാഗത്ത് മൗദൂദി. എല്‍ഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ഒരുകാലത്തും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല. കാണാന്‍ വരുന്നവരെ കണ്ടുകാണും. ജമാഅത്തെ ഇസ്‌ലാമിയാണ് കേരളത്തിന്റെ വികസനം മുടക്കാന്‍ എക്കാലവും മുന്നില്‍ നിന്നവര്‍. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ബോര്‍ഡുകളില്‍ പ്രാതിനിധ്യം കൊടുത്തിട്ടില്ല. ആര്‍എസ്എസിനെപ്പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണ് ജമാഅത്തെ ഇസ്‌ലാമിയും': എം ബി രാജേഷ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണ് എന്നാണ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. 'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും': സണ്ണി ജോസഫ് പറഞ്ഞു. ഈ പരാമർശമാണ് വിവാദമായത്.
Content Highlights: Congress leadership in Kerala is supporting sexual assault culprits says MB Rajesh