

ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഓരോ പേരുകള്‍ വീതം നല്‍കാന്‍ സുപ്രീം കോടതി സുധാന്‍ശു ധൂലിയ കമ്മിറ്റിയോട് നിര്‍ദേശിച്ചു.
ഒരു പേരിലേക്ക് എത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും എന്നിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഒരു പേര് മാത്രം സീല്‍ വെച്ച കവറില്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കകം പേര് നല്‍കാനാണ് നിര്‍ദേശം.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സംസാരിച്ചെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സമവായത്തിലെത്തിയില്ലല്ലോ എന്ന് കോടതി തിരിച്ച് ചോദിക്കുകയായിരുന്നു. വിസിമാരായി ആരെയാണ് നിയമിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും കത്ത് അയച്ചിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ കത്ത് മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചെങ്കിലും അത് വായിക്കാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കത്ത് തിരിച്ച് അറ്റോര്‍ണി ജനറലിന് നല്‍കാനുള്ള നിര്‍ദേശം ജസിറ്റിസ് ജെ ബി പര്‍ദ്ദിവാല നല്‍കുകയും ചെയ്തു.
Content Highlights: appointment of KTU-Digital university permanent VCs will be made directly by the Supreme Court.