

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ്. കൂടുതല്‍ പേര്‍ പ്രതികളായുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലനെന്നും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നേരത്തെയും നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടെന്നും ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ മുതലേ അലന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ചിത്രപ്രിയ അകറ്റി നിര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്‌കൂള്‍ പഠന കാലത്തുതന്നെ ചിത്രപ്രിയയെ അലന് അറിയാമായിരുന്നു. അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അലനെ പെണ്‍കുട്ടി അകറ്റിനിര്‍ത്തി. മികച്ച വോളിബോള്‍ പ്ലെയറായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറി. അപ്പോഴും അലന്‍ പിന്തുടര്‍ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു.
ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്കാനാവാതെ ചിത്രപ്രിയ താക്കീത് ചെയ്തു. ഇതോടെ അലന്‍ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും പൊലീസ് സൂചന നല്‍കി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല.
ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 1.53 നുളള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചിത്രപ്രിയയ്‌ക്കൊപ്പമുണ്ടായിരുന്നത് അലനാണ് എന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടു എന്നാണ് തുടക്കത്തില്‍ അലന്‍ പറഞ്ഞത്. ഇതോടെ ഇയാളെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
Content Highlights: chithrapriya death case updates