'സ്ത്രീകളിൽ അധികവും രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായാണ് പറയുന്നത്'; ന്യായീകരിച്ച് പി വി അബ്ദുൽ വഹാബ് എംപി

രാഹുൽ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സർക്കാരിനായിരിക്കും തിരിച്ചടിയാകുക എന്നും എംപി

'സ്ത്രീകളിൽ അധികവും രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായാണ് പറയുന്നത്'; ന്യായീകരിച്ച് പി വി അബ്ദുൽ വഹാബ് എംപി
dot image

മലപ്പുറം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് പി വി അബ്ദുൽ വഹാബ് എം പി. രാഹുൽ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സർക്കാരിനായിരിക്കും തിരിച്ചടിയാകുകയെന്ന് അബ്ദുൽ വഹാബ് പറഞ്ഞു.

ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് പരാതികൾ വരുന്നത്. സർക്കാർ അതിനെ പിന്തുണയ്ക്കുകയാണ്. വിഷയത്തിൽ രാഹുലിനെ പിന്തുണയ്ക്കുന്നവരിൽ അധികവും സ്ത്രീകളാണെന്നും എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങൾ ഉയർന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകൾക്കടക്കം ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള വാദം ആവർത്തിച്ചു.

'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും': എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.

രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയും ഇന്ന് പ്രതികരിച്ചിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാം മുഖ്യമന്ത്രി. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

Content Highlights: abdul wahab mp supports rahul mankoottathil in his case

dot image
To advertise here,contact us
dot image