

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി എട്ടാം പ്രതിയായിരുന്ന ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.
പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്. തെറ്റായ കേസില്‍ ഗൂഢാലോചന നടത്തി തന്റെ ജീവിതവും കരിയറും നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ദിലീപ് പറഞ്ഞു. 'ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി. വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും', ദിലീപ് കൂട്ടിച്ചേര്‍ത്തു. അമ്മ സംഘടനയില്‍ അംഗത്വമെടുക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ദിലീപ് പറഞ്ഞു. സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.
കേസില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ജഡ്ജി ഹണി എം വര്‍ഗീസാണ് കേസില്‍ വിധി പറഞ്ഞത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. പ്രൊസിക്യൂഷന്‍ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇതൊരു അന്തിമവിധിയല്ല. വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.
Content Highlights: Dileep decided to legal action on conspiracy in Actress attack case