'നെഹ്റുവും പട്ടേലുമൊക്കെ സമരം നയിച്ചപ്പോഴും ജയിലിൽ പോയപ്പോഴും കടലകൊറിച്ച് നടന്നവർ ദേശസ്നേഹം ഒഴുക്കുന്നു'

നെഹ്റു നെഹ്റു നെഹ്റു…. ഈ ഭ്രാന്തിനു മരുന്നില്ലെന്ന് സുധാ മേനോൻ

'നെഹ്റുവും പട്ടേലുമൊക്കെ സമരം നയിച്ചപ്പോഴും ജയിലിൽ പോയപ്പോഴും കടലകൊറിച്ച് നടന്നവർ ദേശസ്നേഹം ഒഴുക്കുന്നു'
dot image

കൊച്ചി: വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ നടത്തിയ വിമർശനങ്ങളിൽ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി സുധാ മേനോൻ. നെഹ്റുവും പട്ടേലും ആസാദും ഒക്കെ വന്ദേമാതരം ചൊല്ലി സമരം നയിച്ചപ്പോഴും ജയിലിൽ പോയപ്പോഴും ഇതൊന്നും ചെയ്യാതെ കടല കൊറിച്ചു നടന്നും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തും നടന്നവരാണ് വർഷങ്ങൾക്കു ശേഷം ദേശസ്‌നേഹം വാരിക്കോരി ഒഴുക്കുന്നതെന്ന് സുധാ മേനോൻ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം. ഐറണി തൂങ്ങിച്ചാവും എന്ന പരിഹാസത്തോടെയാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം….

നെഹ്റു നെഹ്റു നെഹ്റു…. ഈ ഭ്രാന്തിനു മരുന്നില്ല…
നെഹ്റുവും പട്ടേലും ആസാദും ഒക്കെ വന്ദേമാതരം ചൊല്ലി സമരം നയിച്ചപ്പോഴും ജയിലിൽ പോയപ്പോഴും ഒക്കെ ഇതൊന്നും ചെയ്യാതെ കടല കൊറിച്ചു നടന്നും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തും ജിന്നയുടെ മുസ്ലിം ലീഗിനൊപ്പം സിന്ധിലും പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ച ഫസലുൽ ഹക്കിനൊപ്പം ബംഗാളിലും ഒക്കെ അധികാരം പങ്കിട്ട പാരമ്പര്യമുള്ള വർഗീയവാദികളുടെ പിന്മുറക്കാരാണ് വർഷങ്ങൾക്കു ശേഷം ദേശസ്‌നേഹം വാരിക്കോരി ഒഴുക്കുന്നത്..
ഐറണി തൂങ്ങിച്ചാവും!

ദേശീയഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടക്കുന്ന പ്രത്യേക ചർച്ചയ്ക്ക് തുടക്കമിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്റുവിനെതിരെ വിമർശനം ഉന്നയിച്ചത്. ജിന്നയുടെ ലീഗിന്‍റെ സമ്മർദത്തിനു വഴങ്ങി വന്ദേ മാതരത്തിലെ പ്രധാനവരികൾ നെഹ്‌റു ഒഴിവാക്കിയെന്നായിരുന്നു പ്രധാന ആരോപണം.1937 ഒക്ടോബർ 15 ന് മുഹമ്മദ് അലി ജിന്ന ലഖ്‌നൗവിൽ വെച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് യോജിക്കുന്നുവെന്ന് എന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് വന്ദേ മാതരം രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പിന്നീട് ലീഗിനുമുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനും കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നു. ലീഗിന്റെ സമ്മർദത്തിന് വഴങ്ങി നെഹ്‌റു വന്ദേ മാതരത്തെ വെറുത്തു എന്നെല്ലാമായിരുന്നു മോദിയുടെ ആരോപണം.

സമാന രീതിയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. നെഹ്‌റു വന്ദേ മാതരത്തെ കഷ്ണങ്ങളാക്കിയെന്നും പിന്നീട് രാജ്യത്തെതന്നെ വിഭജിച്ചുവെന്നും വന്ദേ മാതരം മുദ്രാവാക്യം വിളിച്ചവരെ ഇന്ദിരാഗാന്ധി ജയിലിൽ അടച്ചുവെന്നും അമിത് ഷാ ഇന്ന് പാർലമെന്റിൽ പറഞ്ഞിരുന്നു.

Content Highlights : sudha menon reaction on narendra modi's statement against jawaharlal nehru

dot image
To advertise here,contact us
dot image