സൗദിയും ഖത്തറും ഇന്ന് ഉറ്റസുഹൃത്തുക്കൾ; കാരണമായത് ഇസ്രയേലിൻ്റെ ആക്രമണ പരമ്പരകൾ

അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നിട്ടും ഖത്തറിനെ ആക്രമിക്കാൻ ഇസ്രയേലിന് ധൈര്യമുണ്ടായി. ഇതോടെയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന ആശയുമുണ്ടായത്

സൗദിയും ഖത്തറും ഇന്ന് ഉറ്റസുഹൃത്തുക്കൾ; കാരണമായത് ഇസ്രയേലിൻ്റെ ആക്രമണ പരമ്പരകൾ
dot image

രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്ന് അടിവരയിടുകയാണ് ഖത്തറും സൗദി അറേബ്യയും. നാല് വർഷം മുമ്പ് പരസ്പരം ശത്രുതയിലായിരുന്ന രണ്ട് രാജ്യങ്ങൾ ഇപ്പോൾ വലിയ സുഹൃത്തുക്കളാണ്. ഇതിന്റെ ഭാ​ഗമായി സൗദി അറേബ്യയുടെയും ഖത്തറിന്റെയും സംയുക്ത സഹകരണത്തിൽ പുതിയൊരു അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായതിന് പിന്നിലെ വലിയൊരു കാരണം ഇസ്രയേലാണെന്നാതാണ് മറ്റൊരു പ്രത്യേകത.

2017-ലാണ് സൗദി അറേബ്യ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തർ ഭീകരതയെ പിന്തുണച്ചു എന്നാരോപിച്ചാണ് സൗദിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളായിരുന്നു ഉപരോധത്തിന് പിന്നിൽ. ഇതോടെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഖത്തർ വ്യോമ, സമുദ്ര പാതകൾക്ക് ദൈർഘ്യമേറിയ മറ്റ് മർ​ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായി.

ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കാൻ 13 ആവശ്യങ്ങളാണ് സൗദി ഉന്നയിച്ചത്. അൽ ജസീറ മീഡിയാ ഗ്രൂപ്പിന്റെ അടച്ചുപൂട്ടുക, അൽ-നുസ്‌റ ഫ്രണ്ട് പോലുള്ള റാഡിക്കൽ സിറിയൻ ഇസ്‌ലാമിസ്റ്റ് വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുക, സൗദി അറേബ്യയുടെ മുഖ്യ എതിരാളിയായ ഇറാനുമായുള്ള എല്ലാ നയതന്ത്ര, വാണിജ്യ ബന്ധങ്ങളും ഖത്തർ താൽക്കാലികമായി നിർത്തുക, തീവ്രവാദം ബന്ധം ആരോപിക്കപ്പെട്ട വ്യക്തികളെ കൈമാറുക തുടങ്ങിയവയായിരുന്നു പ്രധാന ഉപാധികൾ.

ഈ സമയത്ത് തുർക്കി, ഇറാൻ രാജ്യങ്ങൾക്ക് പുറമെ അമേരിക്കയുടെ പിന്തുണയും ഖത്തറിന് ലഭിച്ചു. കൂടാതെ മികച്ച സാമ്പത്തിക ശേഷിയുള്ളതിനാൽ ഉപരോധങ്ങളെ ഒരുപരിധി വരെ മറികടക്കാൻ ഖത്തറിന് സാധിച്ചു. മിഡിൽ ഈസ്റ്റ് മേഖലകളിലെങ്കിലും ഖത്തറിനെ ഒറ്റപ്പെടുത്താൻ സാധിച്ചതാണ് സൗദിക്കുണ്ടായ നേട്ടം.

2021ൽ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഖത്തറിന് മേലുള്ള ഉപരോധം സൗദി പിൻവലിച്ചത്. അമേരിക്കയുടെയും കുവൈത്തിന്റെയും ഇടപെടൽ ഇതിൽ നിർണായകമായി. എന്നാൽ ഇസ്രയേൽ-പലസ്തീൻ യുദ്ധവും ദോഹയിലെ ഹമാസ് നേതാക്കൾക്ക് നേരെ ഉണ്ടായ ഇസ്രയേലിന്റെ ആക്രമണവുമാണ് ഖത്തർ-സൗദി ബന്ധത്തിന് കൂടുതൽ ശക്തിപകർന്നത്. ഇസ്രയേൽ - പലസ്തീൻ യുദ്ധത്തോടെ മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനം ദുർബലമാക്കി.

2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇസ്രയേലിന്റെ തിരിച്ചടി വിവിധ രാജ്യങ്ങളിലേക്ക് നീണ്ടു. പലസ്തീൻ, ലെബനൻ, സിറിയ, ഇറാൻ, യെമൻ ഒടുവിൽ ഖത്തറിന് നേരെയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഹമാസ് നേതാക്കൾക്ക് വേരുണ്ടായിരുന്ന രാജ്യങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടന്നത്. അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നിട്ടും ഖത്തറിനെ ആക്രമിക്കാൻ ഇസ്രയേലിന് ധൈര്യമുണ്ടായി. ഇതോടെയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന ആശയുമുണ്ടായത്.

റിയാദിനും ദോഹയ്ക്കുമിടയിലെ യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കുകയാണ് പുതിയ റെയിൽ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 30,000-ത്തിലധികം തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. ഏകദേശം 785 കിലോമീറ്റർ ദൈർഘ്യമാണ് റെയിൽവെ പാതയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. അൽ-ഹഫൂഫ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കൂടാതെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി റെയിൽവെ പാതയെ ബന്ധിപ്പിക്കും. പ്രതിവർഷം 10 ലക്ഷം യാത്രക്കാരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സൗദി, ഖത്തർ മേഖലകളിലെ സാംസ്കാരിക, വാണിജ്യ കേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്താൻ അവസരം നൽകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതിലൂടെ പ്രദേശിക വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിക്കുമെന്നും ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം റിയാദിൽ വെച്ചാണ് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിവേഗ റെയിൽപാത കരാറിൽ ഒപ്പുവെച്ചത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സുസ്ഥിര സഹകരണത്തിന്റെ വലിയ കാൽവെയ്പ്പായും പദ്ധതിയെ കാണുന്നു. ഈ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന ശ്രമങ്ങൾ സംയോജിപ്പിക്കുന്നതിനും മേഖലയിലുടനീളം സുസ്ഥിര വളർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു തന്ത്രപരമായ കാൽവയ്പ്പാണെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.

Content Highlights: Saudi-Qatar Rift eases due to Israel's Influence

dot image
To advertise here,contact us
dot image