

നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെ കേസിൽ കൂറ് മാറിയവരും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഉറച്ച് നിന്നവരുമുണ്ട്. ഇതിൽ ദിലീപിനെ കുടുക്കിയ മൊഴികളിൽ പ്രധാനം മുൻ ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ, മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, തൃശൂർ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവൻ എന്നിവരുടെ മൊഴികളാണ് നിർണായകമായത്.
ദിലീപ് - പൾസർ സുനി ബന്ധത്തെപ്പറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, സംവിധായകൻ ബാലചന്ദ്രകുമാർ, തൃശ്ശൂരിലെ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവൻ എന്നിവർ നിർണായക മൊഴികളാണ് നൽകിയത്. 2017 ജനുവരി ആദ്യം ദിലീപിന്റെ വീടിന് പരിസരത്ത് പൾസർ സുനിയെ കണ്ടെന്നായിരുന്നു രഞ്ജു രഞ്ജിമാരുടെ മൊഴി. ദിലീപിന്റെ വീട്ടിൽ നിന്നും സുനി ഇറങ്ങിവരുന്നതാണ് രഞ്ജു രഞ്ജിമാർ കണ്ടത്. ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ കാവ്യ മാധവന്റെ കൂടെ പൾസർ സുനിയെ കണ്ടതായും രഞ്ജു രഞ്ജിമാരുടെ മൊഴിയുണ്ട്. തൃശ്ശൂരിൽ മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പൾസർ സുനിയാണ്.
2016 ഡിസംബറിൽ ദിലീപിന്റ ആലുവയിലെ വസതിയായ പത്മസരോവരത്തിൽ പൾസർ സുനിയെ താൻ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തൽ. അവിടെ നിന്നും സുനി പണവുമായാണ് മടങ്ങിയതെന്നും റിപ്പോർട്ടറിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരുന്നു. കോടതിക്ക് അകത്തും പുറത്തും പൾസർ സുനിയെ തനിക്കറിയില്ലെന്നായിരുന്നു എട്ടാം പ്രതി ദിലീപിന്റെ വാദം. വെളിപ്പെടുത്തലും തെളിവുകളും പുറത്തുവന്നതോടെ ദിലീപിന്റെ ഈ വാദങ്ങൾ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നതാണ് കേരളം കണ്ടത്.

ദിലീപിന് കൂടുതൽ കുരുക്കായത് ബാലചന്ദ്രകുമാറിന്റെ പക്കലുണ്ടായിരുന്ന മറ്റൊരു തെളിവായിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എട്ടാം പ്രതി ദിലീപിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിർണ്ണായക ശബ്ദരേഖ കൈമാറിയതും ബാലചന്ദ്രകുമാറാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സ്വധീനിക്കാൻ വരെ ദിലീപ് ശ്രമിച്ചെന്ന് വ്യക്തമായതും ബാലചന്ദ്രകുമാറിന്റെ വെളിയപ്പെടുത്തലുകൾക്ക് പിന്നാലെയാണ്.
ഇവർക്ക് പുറമെ തൃശൂർ പുഴയ്ക്കലിലെ ടെന്നീസ് അക്കാദമിയിലെ വാസുദേവൻ എന്നയാളുടെ മൊഴിയും നിർണായകമായി. 2016 നവംബർ 13നാണ് പൾസർ സുനിയും ദിലീപും സംസാരിക്കുന്നത് വാസുദേവൻ കണ്ടത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഇരുവരും മാറിനിന്ന് സംസാരിക്കുന്നതായി കണ്ടു എന്നാണ് വാസുദേവൻ്റെ മൊഴി.
കേസിൽ മഞ്ജുവാര്യരുടെ മൊഴിയും നിർണായകമായിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു മൊഴി നൽകിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു. ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈൽ ഫോണിൽ നിന്നാണെന്നും ദിലീപിന്റെ സംസാരത്തിൽ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നൽകിയിരുന്നു. സിനിമയിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യർ മൊഴി നൽകി. ഇവയെല്ലാം കേസിൽ നിർണായകമായി.

സാക്ഷികളെ മൊഴിമാറ്റി കേസ് അട്ടിമറിക്കാനും ദിലീപും സംഘവും പദ്ധതിയിട്ടുരുന്നു. ദിലീപിൻ്റെ സ്വാധീനത്തിന് മുമ്പിൽ 28 സാക്ഷികൾ മൊഴി മാറ്റിയതോടെ ഒരു ഘട്ടത്തിൽ അന്വേഷണസംഘവും പകച്ചു പോയി. സിനിമയിലെ മിന്നും താരങ്ങളായ സിദ്ധിഖും മുകേഷും ഭാമയും ബിന്ദുപണിക്കരും ഉൾപ്പെടെ ഭൂരിഭാഗം സാക്ഷികളും മൊഴി മാറ്റിയവരുടെ പട്ടികയിലുണ്ട്. അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവും മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഗീതു മോഹൻദാസും അവരുടെ മൊഴിയിൽതന്നെ ഉറച്ചുനിന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ നാൾവഴി
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. പൾസർ സുനി, മാർട്ടിൻ ആൻറണി, വിജിഷ്, മണികണ്ഠൻ, പ്രദീപ് കുമാർ, സലീം, വിഷ്ണു, ദിലീപ്, സുരാജ്, അപ്പു എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
Content Highlights: Dileep Actress Case: Different testimonies that helped dileep to be the culprit