'വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ'; 'കടക്ക്പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയും മുഖ്യമന്ത്രി സംവാദപരിപാടിയില്‍ ശരിവെച്ചു

'വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ'; 'കടക്ക്പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
dot image

കോഴിക്കോട്: 'കടക്ക്പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിളിക്കാത്തിടത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്നും അങ്ങനെ വന്നതുകൊണ്ടാണ് പുറത്തുകടക്കൂവെന്ന് പറയേണ്ടി വന്നിട്ടുണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

'വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ. വിളിക്കാത്തയിടത്തേക്ക് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെ വന്നാല്‍ നിങ്ങള്‍ ദയവായി പുറത്തേക്ക് പോകൂവെന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ പുറത്ത് കടക്കൂവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും. അത്രയുള്ളൂ', മുഖ്യമന്ത്രി പറഞ്ഞു.

2017 ജൂലൈയില്‍ അന്നത്തെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി നേതാക്കളും മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കിടെയാണ് 'കടക്ക് പുറത്ത്' എന്നുപറഞ്ഞ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ത്തത്.

ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയും മുഖ്യമന്ത്രി സംവാദപരിപാടിയില്‍ ശരിവെച്ചു. ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നത് വസ്തുതയാണ്. കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്. അവര്‍ വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധര്‍ എന്ന് അന്ന് തന്നെ താന്‍ ചോദിച്ചു. ശേഷം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Chief Minister Pinarayi Vijayan explains the phrase 'Kadakk purath'

dot image
To advertise here,contact us
dot image