

തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നൽകിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പരാതി നൽകിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രധാന പദവിയിൽ നേതൃത്വം എത്തിച്ചത്. പെൺകുട്ടി നൽകിയ പരാതി വി ഡി സതീശൻ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്‌നം. രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയിലെ ലേഖനത്തിൽ ആരോപിച്ചു. 'ക്രിമിനൽക്കൂട്ടം മേയുന്ന കോൺഗ്രസ്' എന്ന തലക്കെട്ടിലാണ് ഗോവിന്ദന്‍റെ ലേഖനം.
സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അതിജീവിത പരാതി നൽകിയിട്ടും കോൺഗ്രസ് നടപടി എടുക്കുന്നില്ല. രാഹുലിന്റെ കാമഭ്രാന്തിന് ഇരയായ മറ്റ് പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കാനാണ് അതിജീവിതക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത്. കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ട് മൂക്കുപൊത്തേണ്ട അവസ്ഥയാണെന്നും ലേഖനത്തിൽ പറയുന്നു.
രാഹുൽ എന്ന ക്രിമിനലിനെ വളർത്തിയത് കോൺഗ്രസ് നേതൃത്വമല്ലാതെ മറ്റാരുമല്ല. വ്യാജ ഐഡി കാർഡ് അച്ചടിച്ച് വളഞ്ഞ വഴിയിലൂടെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം പിടിച്ചെടുത്തതിനെതിരെ നടപടി എടുക്കുന്നതിന് പകരം നേതൃത്വം പ്രോത്സാഹനം നൽകി. വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാൻ രാഹുലിനെ സഹായിച്ച വ്യക്തിയാണ് ബലാത്സംഗം ചെയ്യപ്പെട്ട 23കാരിയെ റിസോർട്ടിലേക്ക് കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അടൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണ് ഈ സഹായി എന്നതിൽനിന്ന് കോൺഗ്രസ് ആരുടെ കൂടെയാണ് എന്നത് വ്യക്തമാണെന്നും ഗോവിന്ദൻ പറയുന്നു.
Content Highlights : MV Govindan against Rahul Mamkootathil and congress; criticizing article on Deshabhimani