ഒരേ ഓഫീസിൽ ഒരുമിച്ച് ജോലി ചെയ്തവർ; തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ഏറ്റുമുട്ടാൻ റിട്ട. പൊലീസ് ഉദ്യോഗസ്ഥർ

കാസര്‍കോട് നീലേശ്വരം നഗരസഭയിലാണ് കൗതുകക്കാഴ്ച

ഒരേ ഓഫീസിൽ ഒരുമിച്ച് ജോലി ചെയ്തവർ; തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ ഏറ്റുമുട്ടാൻ റിട്ട. പൊലീസ് ഉദ്യോഗസ്ഥർ
dot image

കാസര്‍കോട്: ഒരേ ഓഫീസില്‍ ഒരേ സമയം ഒരുമിച്ച് ജോലി ചെയ്തവര്‍ ഒരേ വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചാല്‍ എങ്ങനെയുണ്ടാകും?. അതും സ്ഥാനാര്‍ത്ഥികള്‍ പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലോ?. വിരമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരേ വാര്‍ഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുകയാണ്. കാസര്‍കോട് നീലേശ്വരം നഗരസഭയിലാണ് സംഭവം. രണ്ട് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലെ പോരാളികള്‍. തെരഞ്ഞെടുപ്പിൽ അങ്കംവെട്ടുമ്പോഴും സൗഹൃദത്തിന് കോട്ടംതട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നാണ് ഇരുവരുടെയും പക്ഷം.

നീലേശ്വരം നഗരസഭയിലെ കൊട്രച്ചാല്‍ വാര്‍ഡിലാണ് ഇരുവരും മത്സരിക്കുന്നത്. റിട്ട. എസ്‌ഐ രവീന്ദ്രന്‍ കൊക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും റിട്ട. എസ്‌ഐ പി വി സതീശന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമാണ്. സഹപ്രവര്‍ത്തകരായ സുഹൃത്തുകള്‍ എതിര്‍ ചേരികളില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കൊട്രച്ചാലിലെ ആളുകള്‍. കാസര്‍കോട് ജില്ലയിലെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് ഇരുവരും.

രവീന്ദ്രന്‍ കൊക്കോട്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ ട്രഷററായും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായിരുന്നു. പി വി സതീശനാകട്ടെ പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചാട്രല്‍ 32-ാം വാര്‍ഡില്‍ കഴിഞ്ഞ രണ്ട് തവണയും വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു. കാലങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് നീലേശ്വരം. സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ഇരു നേതാക്കളില്‍ ആര് വിജയ കൊടി പാറിക്കും എന്ന കാത്തിരിപ്പിലാണ് കൊച്ചാട്രല്‍ വാസികൾ.

Content Highlight; Police officers who were colleagues in Kasaragod are contesting in the same ward

dot image
To advertise here,contact us
dot image