

പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസിൽ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണിതെന്നും തെരഞ്ഞെടുപ്പ് ആയപ്പോൾ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്‌സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോൾ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാൽ മസാല ബോണ്ടിന് അനുമതി നൽകാൻ റിസർവ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നൽകിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. കിഫ്ബി രേഖകൾ തന്റെ കയ്യിൽ ഇല്ല എന്ന് മറുപടി നൽകി. ഹൈക്കോടതിയിൽ താൻ ഹർജി നൽകി. പിന്നാലെ രേഖകളുടെ എണ്ണം കുറച്ച് വീണ്ടും ഹാജരാകാൻ പറഞ്ഞ് നോട്ടീസ് അയച്ചു. തന്നെ വിളിപ്പിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. ലളിതമായ ചോദ്യത്തിന് ഇഡി മറുപടി നൽകിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബി കോടികളുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ്. ഇത്രയും പണത്തിന്‍റെ ഇടപാട് നടത്തുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമെന്ന് ഇഡി കരുതിക്കാണും. പ്രഥമദൃഷ്ട്യാ തള്ളിക്കളയാവുന്ന കാര്യം വച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപിക്ക് പാദസേവ ചെയ്യുകയാണ് ഇഡി. യുഡിഎഫ് ഇതിനെ അനുകൂലിക്കുന്നത് സങ്കടകരമാണ്. കോൺഗ്രസുകാർ ഒരു കാര്യം ആലോചിക്കണം, കിഫ്ബി നിയമം യുഡിഎഫും കൂടിച്ചേർന്നാണ് പാസാക്കിയത്. കിഫ്ബിക്ക് കീഴിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപങ്ങൾ നടക്കുന്നു. പുച്ഛത്തോടെ കേരളജനത ആരോപണങ്ങളെ തള്ളിക്കളയും. ബിജെപി കേരളത്തെ പിന്നോട്ട് അടിപ്പിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഇതിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കണം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. കിഫ്ബി വഴിയുള്ള നിർമ്മാണം അത്യന്താപേക്ഷിതമാണ്. ഇഡിക്ക് മുന്നിൽ ഹാജരാകാൻ മനസ്സില്ല ഭരണഘടന ചില അവകാശങ്ങൾ വ്യക്തികൾക്ക് നൽകിയിട്ടുണ്ട്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത് നിയമപരമായി പോരാടും. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇനിയുള്ള കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നൽകാവുന്നതാണ്.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ സനേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
Content Highlights: Thomas Isaac reacts ED notice on KIIFB masala bond