

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അജി ഭാസ്‌കരന് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവത്തില്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ധനസഹായം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളായിരുന്നു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷകളില്‍ 11 പേരും സ്‌കോളര്‍ഷിപ്പ് അര്‍ഹരാണ്. അര്‍ഹമായ അപേക്ഷകള്‍ പട്ടിക വര്‍ഗ ഡയറക്ടേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാപട്ടികവര്‍ഗ ഓഫീസര്‍ അറിയിച്ചു.
യാക്കര ഭാഗത്ത് എത്തിയ കെഎസ്ഇബി ജീവനക്കാരായിരുന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കണ്ടെത്തിയത്.
കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15ഓളം അപേക്ഷകളാണ് യാക്കരയില്‍ തള്ളിയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ്ഗ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
Content Highlights: ST students' applications abandoned in bushes Show cause notice issued