

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദ് മത്സരരംഗത്തുണ്ടാകുമെന്ന് സിപിഐഎം. പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വി കെ നിഷാദ് മത്സരിക്കുന്നത്. നിഷാദിന് പകരം ഡമ്മി സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുണ്ടാവുകയെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഐഎം തള്ളി. കേസില്‍ ചൊവ്വാഴ്ച്ച വിധി വരുമെന്നതിനാല്‍ ഡമ്മി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നില്ല. ഇതാണ് പ്രചാരണത്തിന് അടിസ്ഥാനം.
മത്സരിക്കുന്നതിന് നിഷാദിന് നിയമപരമായി തടസ്സമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനവുമായി മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി ജയിലിലാണെങ്കിലും പ്രവര്‍ത്തകര്‍ വാര്‍ഡില്‍ സജീവമാകും. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
സിപിഐഎം വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം എം ഹരീന്ദ്രനാണ് ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിരുന്നത്. കേസില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ. നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസിൽ പ്രതിയായിരുന്നു. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി കെ നിഷാദ്. 2009 മുതല്‍ 206 വരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിനുനേരേ ബോംബെറിഞ്ഞതിനുപുറമേ കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. ഐപിസി 307 സ്ഫോകട വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
Content Highlights: Local Body Polls jailed dyfi leader nishad will contest in kannur mottammal