'സിപിഐഎം-ബിജെപി അവിശുദ്ധ സഖ്യം';പുനലൂരിലും മറ്റ് പ്രദേശങ്ങളിലും ബിജെപി മത്സരിക്കാത്തതില്‍ കോണ്‍ഗ്രസ്

പുനലൂര്‍ നഗരസഭയിലെ 13 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

'സിപിഐഎം-ബിജെപി അവിശുദ്ധ സഖ്യം';പുനലൂരിലും മറ്റ് പ്രദേശങ്ങളിലും ബിജെപി മത്സരിക്കാത്തതില്‍ കോണ്‍ഗ്രസ്
dot image

കൊല്ലം: പുനലൂര്‍ നഗരസഭയിലും കിഴക്കന്‍ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്‌സ്. നഗരസഭയില്‍ ബിജെപി പല വാര്‍ഡുകളിലും മത്സരിക്കാത്തതുമായി ബന്ധപ്പെട്ടാണ് സൈമണ്‍ അലക്‌സിന്റെ പ്രതികരണം.

നഗരസഭയില്‍ 13 വാര്‍ഡുകളില്‍ ഇത്തവണ ബിജെപി മത്സരിക്കാനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയ വാര്‍ഡുകളില്‍പോലും സ്ഥാനാര്‍ത്ഥിയില്ല. സിപിഐ എമ്മിനെ സഹായിക്കാനാണ് ഈ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ ഒഴിവാക്കിയിട്ടുള്ളത്. എന്നാല്‍ യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുമുണ്ട്. പല പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും ബിജെപി അപ്രസക്തരായ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ളതും ഇതേ ഉദ്ദേശ്യത്തോടെയാണെന്നും സൈമണ്‍ അലക്‌സ് പറഞ്ഞു.

പുനലൂര്‍ നഗരസഭയിലെ 13 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ പിന്നീട് കൊല്ലപ്പെട്ട കക്കോട് വാര്‍ഡിലടക്കം ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. കക്കോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുമേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഐഎം കൗണ്‍സിലര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരുന്നു.

പുതിയൊരു വാര്‍ഡ് കൂടി രൂപപ്പെട്ടതോടെ നഗരയില്‍ ആകെ 36 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ തവണ മെച്ചപ്പെട്ട വോട്ടുകള്‍ നേടിയ വാര്‍ഡുകളില്‍ പോലും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയില്ല.

ഐക്കരക്കോണം, ശാസ്താംകോണം, കാഞ്ഞിരമല, ചാലക്കോട്, പേപ്പര്‍മില്‍, നെടുങ്കയം, മുസാവരി, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാര്‍, തുമ്പോട്, വാളക്കോട്, ഗ്രേസിങ് ബ്ലോക്ക്, ചെമ്മന്തൂര്‍ എന്നീ വാര്‍ഡുകളിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത്. ഐക്കരക്കോണത്തും ശാസ്താംകോണത്തും കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയിരുന്നു.

അതേ സമയം യുഡിഎഫിന് സാധ്യതയുള്ള എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മികച്ച പ്രചരണവും ഇവിടെ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ആറ് സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ കല്ലാര്‍, നെടുങ്കയം വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. കഴിഞ്ഞ തവണ ആകെയുള്ള 21 സീറ്റുകളില്‍ എല്‍ഡിഎഫും 14 സീറ്റുകളില്‍ യുഡിഎഫും ആണ് വിജയിച്ചത്.

Content Highlights: Congress says there is an unholy alliance between CPI(M) and BJP

dot image
To advertise here,contact us
dot image