

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് വെടിയുതിർത്ത കാപ്പാ കേസ് പ്രതി പിടിയിൽ. കൈരി കിരണാണ് പിടിയിലായത്. കാട്ടാക്കടയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒരു സുഹൃത്തും പ്രതിയുടെ ഒപ്പം ഉണ്ടായിരുന്നു. ഇയാൾക്ക് എതിരെ പുതിയ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വധശ്രമം, കാപ്പാ നിയ ലംഘനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കാപ്പാ കേസ് ചുമത്തി നാട് കടത്തിയതോടെ ജില്ലയിൽ പ്രവേശിക്കരുതെന്ന ജില്ല കളക്ടറുടെ ഉത്തരവ് നിലനിൽക്കവെ നാട്ടിലെത്തിയ ഇയാൾ ഇന്നലെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സുഹൃത്തുക്കളോടെപ്പം കേക്ക് മുറിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ഇന്ന് രാവിലെ എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കൈരി കിരണിൻ്റെ വീട് വളയുകയും കൈരി കിരണിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തത്. അതിനിടെ വെട്ടുകത്തി എടുത്തുകൊണ്ട് പ്രതി വീടിന് പുറത്തേക്ക് വരുകയും ഒന്നിലധികം തവണ എസ്എച്ച്ഒയെ വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. എസ്എച്ച്ഒ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നടപടി സ്വയരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഡിഐജി വ്യക്തമാക്കി.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യനാണ് പൊലീസ് നീക്കം. നിലവിൽ12 കേസുകളാണ് കൈരി കിരണിൻ്റെ പേരിലുള്ളത്. ഇയാൾക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമതത്താൻ ആണ് പൊലീസ് നീക്കം.പ്രതി മുൻപും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നോട്ടീസ് നൽകാൻ പോയപ്പോഴായിരുന്നു ആക്രമണം. അന്നും വെട്ടുകത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമിക്കാൻ ശ്രമിക്കുന്നദൃശ്യങ്ങൾ റിപ്പോട്ടറിന് ലഭിച്ചിരുന്നു.
Content Highlight : Thiruvananthapuram police firing case suspect arrested