

കൊച്ചി: ഹാല്‍ സിനിമയിലെ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയുടെ ഏത് രംഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും മിശ്രവിവാഹം സിനിമയിലല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
സിനിമ കാണാതെ അഭിപ്രായം പറയാനാവില്ല. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദ്ദേശിക്കാനാവില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിങ്ങള്‍ക്ക് എതിരല്ലല്ലോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് പിന്നീട് വിധി പറയും.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രമാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നായിരുന്നു സിബിഎഫ്‌സിയുടെ നിലപാട്.
Content Highlights: High Court Division Bench questions Catholic Congress on haal cinema