

സവാളയിലെ കറുത്ത പാടുകള്‍ അപകടമാണോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളിലും പൊതു ഇടങ്ങളിലുമെല്ലാം സജീവമാണ്. പച്ചക്കറികള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നവരെ ഒന്നുകൂടി ജാഗ്രതയിലാക്കുന്ന കാര്യം കൂടിയാണിത്. എന്താണ് സവാളയിലെ കറുത്ത പാടുകള്‍ക്ക് കാരണം? ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ? എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത് ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ…
സവാളയില്‍ കാണപ്പെടുന്ന കറുത്ത പാടുകളില്‍ അധികവും 'ആസ്പര്‍ജില്ലസ് സെഷന്‍ നിഗ്രി' എന്നറിയപ്പെടുന്ന ഒരുകൂട്ടം ഫംഗസുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. സാധാരണയായി ബ്ലാക്ക് മോള്‍ഡ് എന്നറിയപ്പെടുന്നവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ചൂട് കുറവുള്ളതും ഈര്‍പ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുമായ അന്തരീക്ഷത്തിലാണ് ഈ ഫംഗസുകള്‍ വളരുന്നത്. കേടായ സവാളയില്‍ ഈ ഫംഗസിന്റെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഈര്‍പ്പത്തിന്റെയും ചൂടിന്റെയും സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് ഈ ഫംഗസുകള്‍ എളുപ്പത്തില്‍ അടിഞ്ഞുകൂടാനിടയാക്കുന്നു. സവാളയുടെ കടലാസ് പോലെയുള്ള തൊലിയില്‍ നേര്‍ത്ത പൊടിപോലെയുള്ള ബീജകോശങ്ങള്‍ കാണപ്പെടുന്നു. ഫംഗസ് ബാധിച്ച സവാളയുടെ പുറംഭാഗത്ത് തൊട്ടാല്‍ കരിപോലെയുളള കറുത്ത പൊടിയും പാടുകളും കാണാന്‍ സാധിക്കും. സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഫംഗസ് നിറയുമ്പോഴാണ് ഈ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. ആദ്യം സവാളയുടെ പുറംപാളിയില്‍ ഉണ്ടാകുന്ന ഈ പാടുകള്‍ പിന്നീട് ഫംഗസ് പടരുന്നതിലൂടെ സവാളയുടെ അകത്തെ പാളിയിലേക്കും പടരും.

കറുത്ത പൊടിയും പാടുകളും ഉള്ള എല്ലാ സവാളയും അപകടകരമല്ലെങ്കിലും കൂടുതല്‍ ഫംഗസ് പടരുമ്പോള്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൂപ്പല്‍ സവാളയുടെ അകത്തെ പാളികളിലേക്ക് ബാധിച്ചിട്ടുണ്ടെങ്കിലോ സവാള അഴുകുകയോ ഗന്ധത്തില്‍ വ്യത്യാസം വരികയോ ചെയ്താല്‍ അത് ഉപയോഗിക്കാതിരിക്കുന്നതാവും നന്ന്. ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ഉപേക്ഷിക്കേണ്ടതുമായത് തിരിച്ചറിയാന്‍ സാധിക്കും.

Content Highlights :Is eating onions with black spots harmful to health