

തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തെ എതിര്‍പ്പറിയിച്ച് ആര്‍എസ്എസ്. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിര്‍പ്പറിയിച്ചത്. ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു.
ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആര്‍എസ്എസ് പരസ്യവിമര്‍ശനവും ഉന്നയിച്ചു.
രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖില്‍ ആരോപിച്ചു.
മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് അഖില്‍ കുറിച്ചു.
'സാങ്കേതികമായി ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നിരിക്കില്ല. ആനന്ദിനെ പോലെ മെമ്പര്‍ഷിപ് ഇല്ലാത്ത നൂറുകണക്കിന് പ്രവര്‍ത്തകരുടെ അധ്വാനവും സമയവും പണവുംകൂടി ചേര്‍ന്നതാണ് ചേട്ടന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വച്ച തൊപ്പിയിലെ പൊന്‍തൂവലായി കൊണ്ടുനടക്കുന്ന 35 സീറ്റ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ technucality വച്ച് ഉത്തരംകൊടുത്തപ്പോള്‍ മുറിവേറ്റത് മെമ്പര്‍ഷിപ് ഇല്ലാത്ത, ഇപ്പോഴും ഈ ദേശീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന, വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റൊരു option ഇല്ലാത്ത നൂറുകണക്കിന് അനുഭാവികളുടെ പ്രവര്‍ത്തകരുടെ ദേശീയവാദികളുടെ നെഞ്ചിലാണ്. എന്നാലും ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ ആനന്ദ് ആരുമായിരുന്നില്ലെന്ന്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നു', കുറിപ്പില്ർ പറയുന്നു.
രണ്ട് ദിവസം മുമ്പാണ് തിരുമല സ്വദേശിയായ ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.
സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
എന്നാൽ ആനന്ദ് തിരുമല ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പ്രതികരണം. ആത്മഹത്യ അങ്ങേയറ്റം ദുഃഖകരമാണ്. വിഷയം രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സുരേഷ് പറഞ്ഞിരുന്നു. ആനന്ദ് ഒരു കാലഘട്ടത്തിലും ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നില്ല. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വന്ന ആളുമല്ല. ഒരു പ്രക്രിയയിലും ആനന്ദിന്റെ പേര് വന്നിട്ടില്ല. ആനന്ദ് ശിവസേനയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചതാണ്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷ് ആരോപിച്ചിരുന്നു.
Content Highlights: RSS clarifies that Anand Thirumala had Sangh connections