'ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തം, കേരളത്തെ കണ്ടുപഠിക്കണം'; ബ്രിട്ടീഷ് വ്ളോഗറുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് വ്‌ളോഗറായ അലക്‌സ് വാണ്ടേഴ്‌സ് കേരളത്തെ വാനോളം പുകഴ്ത്തുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

'ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തം, കേരളത്തെ കണ്ടുപഠിക്കണം'; ബ്രിട്ടീഷ് വ്ളോഗറുടെ വാക്കുകൾ വൈറൽ
dot image

കേരളത്തിന് വെറുതെ ലഭിച്ച പേരല്ല, ദൈവത്തിന്റെ സ്വന്തം നാടെന്ന്. വിവേചനമില്ലാതെ അതിഥികളെ ആദരവോടെ കാണുന്ന നമ്മുടെ നാട്ടിൽ വന്നാൽ കടലും, കായലുകളും, ആറുകളും നല്ല ഭക്ഷണവും ഒപ്പം കുറച്ച് നല്ല മനുഷ്യരുടെ സൗഹൃദവുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായാലും രാജ്യത്ത് നിന്നുള്ളവരായാലും ഭൂരിഭാഗവും ഒരേ അഭിപ്രായമാകും പറയുക. വിദ്യാഭ്യാസത്തിലും വൃത്തിയിലുമെല്ലാം പേരുകേട്ട വ്യത്യസ്തമായ ഒരിടമെന്ന് നമ്മൾ അഭിമാനത്തോടെ പറയുമ്പോൾ, അക്കാര്യം നാടുകാണാനെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നത് കൂടിയാവുമ്പോൾ സന്തോഷം ഇരട്ടിക്കുമല്ലേ.

ബ്രിട്ടീഷ് വ്‌ളോഗറായ അലക്‌സ് വാണ്ടേഴ്‌സ് കേരളത്തെ വാനോളം പുകഴ്ത്തുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കേരളത്തിലെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിയ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വാതോരാതെ കേരളത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇതുവരെ ഒരു മില്യണിലധികം വ്യൂ എഫ്ബിയിൽ ലഭിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ മൂന്നു മില്യണും കഴിഞ്ഞ് കുതിക്കുകയാണ്.

'ഞാൻ ഇപ്പോൾ കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. ഞാൻ നിങ്ങളോട് പറയുകയാണ് ഈ സ്ഥലം രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ ശാന്തമായ, സമാധാനം നിറഞ്ഞ, വൃത്തിയുള്ളിടം. ആളുകളും സൗഹൃദം നിറഞ്ഞവർ. തുറന്നുപറഞ്ഞാൽ ഇന്ത്യയിലെ മറ്റിടങ്ങൾ കേരളത്തെ മാതൃകയാക്കണം..' ഇങ്ങനെ പറഞ്ഞു പോകുകയാണ് അദ്ദേഹം.

ഈ വീഡിയോക്ക് പിന്നാലെ വാണ്ടേഴ്‌സിന്റെ മറ്റൊരു വീഡിയോയും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കമ്മ്യൂണിസത്തെ കുറിച്ചാണ് ഇതിൽ അദ്ദേഹം പറയുന്നത്. കേരളം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഭരണമുള്ളിടമാണെന്നും ഇവിടെ കമ്മ്യൂണിസമെന്നാൽ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തുല്യത എന്നെല്ലാമാണ് അർത്ഥമെന്നും അലക്സ് വീഡിയോയിൽ പറയുന്നു. കമ്മ്യൂണിസം മൂലം കേരളത്തിൽ മികച്ച സാക്ഷരത, ഏറ്റവും കൂടുതൽ മിനിമം വേതനം, വൃത്തിയുള്ള നഗരങ്ങൾ, എന്നിവയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.


Content Highlights: British Vlogger praises Kerala and Communism

dot image
To advertise here,contact us
dot image