

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുൻ താരം മുഹമ്മദ് കൈഫ്. ഇപ്പോൾ ഇന്ത്യൻ ടീമിലെ താരങ്ങൾ കളിക്കുന്നത് ഭയത്തോടെയാണെന്ന് കൈഫ് പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ നേതൃനിരയിൽ ആരുമില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു.
'ഇന്ത്യൻ ടീമിൽ ആശയകുഴപ്പം പ്രകടമാണ്. കളിക്കാർക്ക് ടീമിലെ സ്ഥാനത്തിൽ വിശ്വാസമില്ല. ടീമിന്റെ നേതൃനിരയിൽ ആരുമില്ല. താരങ്ങളെ പിന്തുണയ്ക്കാൻ ആരെങ്കിലുമുണ്ട് എന്ന തോന്നൽ അവർക്കില്ല. ആരും സ്വതന്ത്രരായി കളിക്കുന്നില്ല. അവരുടെ ഉള്ളിൽ ടീമിലെ സ്ഥാനം നഷ്ടമാകുമോയെന്ന ഭയമാണ്.' ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൈഫ് പറഞ്ഞു.
'സർഫറാസ് ഖാൻ സെഞ്ച്വറി നേടിയ ശേഷവും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. അധികം അവസരം ലഭിക്കാതെ സർഫറാസ് ടീമിന് പുറത്തായി. സായി സുദർശൻ 87 റൺസ് നേടിയ ശേഷം അടുത്ത ടെസ്റ്റിൽ അവസരം ലഭിച്ചില്ല. ഈ ടീമിൽ വളരെയധികം ആശയക്കുഴപ്പമുണ്ട് എന്നാണ് ഞാൻ കരുതുന്നത്,' കൈഫ് കൂട്ടിച്ചേർത്തു.
'എന്തുകൊണ്ടാണ് സുന്ദർ നന്നായി കളിച്ചത്? സുന്ദർ വരുന്നത് ചെന്നൈയിൽ നിന്നാണ്. ടേൺ ചെയ്യുന്ന പിച്ചുകളിൽ കളിച്ചാണ് സുന്ദർ വളർന്നത്. നന്നായി സ്പിൻ ബൗളിങ് ചെയ്യാൻ സുന്ദറിന് അറിയാം. സായി സുദർശനും ചെന്നൈയിൽ നിന്നുള്ള താരമാണ്. സായി മൂന്നാം നമ്പറിലും സുന്ദർ എട്ടാം നമ്പറിലും ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ഈ ടെസ്റ്റ് മത്സരം വിജയിക്കുമായിരുന്നു. സായിക്ക് സ്പിൻ വളരെ നന്നായി കളിക്കാൻ അറിയാം. എന്നിട്ടും സായി ടീമിൽ പോലുമില്ല,' കൈഫ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ബൗളർമാരെ അമിതമായി പിന്തുണച്ച പിച്ചിൽ മൂന്ന് ദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നടന്നത്. സമാനമായി ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേറ്റ ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം മോശമായി തുടരുകയാണ്. ന്യൂസിലാൻഡിനെതിരെ നാട്ടിലും ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലും ഇന്ത്യ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ പരമ്പര തോൽവി ഭീഷണി നേരിടുകയാണ്.
Content Highlights: Mohammad Kaif points Every India Player Is Playing With Fear