'സിനിമയ്ക്ക് വേണ്ടി ഇനിയും എല്ലുകൾ ഒടിഞ്ഞാലും കുഴപ്പമില്ല', ഓസ്കർ തിളക്കത്തിൽ ടോം ക്രൂസ്

നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ സംഭാവനകൾ മാനിച്ച് ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി അക്കാദമി

'സിനിമയ്ക്ക് വേണ്ടി ഇനിയും എല്ലുകൾ ഒടിഞ്ഞാലും കുഴപ്പമില്ല', ഓസ്കർ തിളക്കത്തിൽ ടോം ക്രൂസ്
dot image

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ഹോളിവുഡ് നടനാണ് ടോം ക്രൂസ്. നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ സംഭാവനകൾ മാനിച്ച് ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി അക്കാദമി. ഞായറാഴ്ച നടന്ന ഗവർണേഴ്‌സ് അവാർഡ്‌സിൽ വെച്ചാണ് ടോം ക്രൂസിന് ഓണററി ഓസ്‌കർ സമ്മാനിച്ചത്. ഓസ്കർ ഏറ്റുവാങ്ങിയ ശേഷം ടോം ക്രൂസ് നടത്തിയ പ്രസംഗം വൈറലാണ്.

' ചെറു പ്രായത്തിലാണ് സിനിമയോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത്, തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന് എന്റെ ചുറ്റിലുമുള്ള ലോകം വളരെ വലുതായി. അതെന്നിൽ ആഴത്തിലുള്ള ഒരു തരം വിശപ്പുണ്ടാക്കി, സാഹസികതയ്ക്കും, അറിവിനും, മനുഷ്യനെ മനസിലാക്കി അവരോട് അവരുടെ തന്നെ കഥ പറയാനുമുള്ള ഒരു വിശപ്പ്. ജീവിതത്തിന് മറികടക്കാനാകുന്ന പരിധികളെക്കുറിച്ചുള്ള ബോധം എനിക്ക് നൽകിയത് സിനിമയാണ്.

സിനിമാ മേഖലയെ പിൻതുണയ്ക്കാനായി ഞാൻ ഏത് അറ്റം വരെയും പോകും എന്ന് ഉറപ്പ് തരുന്നു. അതിന് നിലവിലുള്ളതിനേക്കാൾ എല്ലുകൾ എന്റെ ശരീരത്തിൽ ഒടിഞ്ഞാലും കുഴപ്പമില്ല. സിനിമയിൽ കയറിപ്പറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനം നൽകാൻ ഞാൻ ശ്രമിക്കും' ടോം ക്രൂസ് പറഞ്ഞു.

ഇതിനുമുമ്പ് ടോം ക്രൂസ് നാല് ഓസ്‌കർ നാമനിർദ്ദേശങ്ങൾ നേടിയിട്ടുണ്ട്. ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ, ജെറി മഗ്വെയർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദ്ദേശങ്ങളും മഗ്നോലിയ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള നാമനിർദ്ദേശവും, ടോപ്പ് ഗൺ: മാവെറിക് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് എന്ന നിലയിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചിരുന്നു.

Content Highlights:  Tom Cruise wins Oscar

dot image
To advertise here,contact us
dot image