

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരർ ഹമാസ് മോഡൽ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ. ഇവർ അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ തരത്തിലുള്ള നീക്കത്തിനും ഇതിനായി റോക്കറ്റ് നിർമ്മാണത്തിനും ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ പ്രദേശങ്ങളിൽ സ്‌ഫോടക വസ്തു നിറച്ച് ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഇവർ നീക്കം നടത്തിയതെന്നും ഇതിനായി ചെറിയ റോക്കറ്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടതെന്നും അന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത കശ്മീർ സ്വദേശി ഡാനിഷ് എന്ന ജാസിർ ബിലാൽ ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡ്രോണുകളിൽ ബാറ്ററികളും കാമറയ്‌ക്കൊപ്പം ബോംബുകളും സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഡാനിഷ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഉമറിന്റെ അടുത്ത അനുയായി ആണ് അറസ്റ്റിലായ ഡാനിഷ് എന്നാണ് എൻഐഎയുടെ കണ്ടെത്തല്‍.
അതേസമയം ചെങ്കോട്ട സ്‌ഫോടനത്തിൽ ഒരാൾകൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഡൽഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Content Highlights: before Delhi redfort incident,umer nabi and team planed hamas like attack using drones