

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇളക്കിയെടുത്ത് പരിശോധിച്ച സ്വർണപ്പാളികൾ തിരികെ സ്ഥാപിച്ചു. സന്നിധാനത്ത്‌നിന്ന് പ്രത്യേക അന്വേഷണ സംഘം അഴിച്ചെടുത്ത സ്വർണപ്പാളികളാണ് പുനഃസ്ഥാപിച്ചത്.
ശാസ്ത്രീയ പരിശോധനക്കായി ഇന്നലെയാണ് പാളികൾ അന്വേഷണ സംഘം അഴിച്ചെടുത്തത്. അതേസമയം എസ്‌ഐടി ഇന്ന് സന്നിധാനത്ത് നിന്ന് മടങ്ങിയേക്കും. ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.
ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് നടത്തിയത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശിൽപത്തിലെ പാളി എന്നിവയിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നത് വ്യക്തമാകുന്നതിനാണ് പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചപ്പോൾ തുടങ്ങിയ സാമ്പിൾ ശേഖരണം വൈകീട്ട് മൂന്നോടെയാണ് അവസാനിച്ചത്. സ്വർണപ്പാളി പരിശോധന നടത്തുന്നതിനുള്ള വൈദഗ്ധ്യം നേടിയ വിദഗ്ധരാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.
ദ്വാരപാലക പാളികൾ, കട്ടിളപ്പാളി, ശ്രീകോവിലിന്റെ ചുമരിലെ തൂണുകൾ എന്നിവയാണ് ഇളക്കിയെടുത്ത് പരിശോധിച്ചത്. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പരിശോധിച്ചിരുന്നു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്. വാസുവിനെതിരായ കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.
കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കവും പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നത്.
Content Highlights: Sabarimala gold theft case; The gold plates which were shaken and examined, were put back in place