ശബരിമല സ്വർണക്കൊള്ള; ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ല, ഇത് സിപിഐഎം ഡീലിന്റെ ഭാഗം:കെസി വേണുഗോപാൽ

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വര്‍ണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്ന് കെ സി വേണുഗോപാല്‍

ശബരിമല സ്വർണക്കൊള്ള; ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ല, ഇത് സിപിഐഎം ഡീലിന്റെ ഭാഗം:കെസി വേണുഗോപാൽ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ബിജെപി പ്രതികരിക്കുന്നില്ലെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഒരു ബിജെപി ദേശീയ നേതാവും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സിപിഐഎം ഡീലിന്റെ ഭാഗമാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കെപിസിസി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്വര്‍ണ്ണമല്ല വിശ്വാസത്തെയാണ് കട്ടുമുടിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്ന ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'അയ്യപ്പന്റെ സ്വത്ത് വിറ്റ് വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ചു. പാര്‍ട്ടി പിടിച്ചെടുക്കുന്നത് പോലെ സിപിഐഎം അമ്പലം പിടിച്ചെടുക്കുന്നു. കെ ജയകുമാറിനെ പ്രസിഡന്റാക്കിയാല്‍ കട്ടത് ഇല്ലാതാകുമോ. വാസുവിന്റെ ഗോഡ്ഫാദറെ വെളിച്ചത്ത് കൊണ്ടുവരണം', കെ സി വേണുഗോപാല്‍ പറഞ്ഞു.

2019ല്‍ സര്‍ക്കാര്‍ വിശ്വാസികളെയല്ല അയ്യപ്പനെയാണ് വെല്ലുവിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ഐടിയുടെ കൈകള്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ധാര്‍മിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണമെന്നും മുംബൈ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോംപ്രമൈസ് കമ്മീഷനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും വോട്ടെടുപ്പ് കണക്കുകള്‍ കമ്മീഷന്‍ മൂടിവയ്ക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: K C Venugopal against BJP on silence in Sabarimala Gold Case

dot image
To advertise here,contact us
dot image