

ഒരു കാലത്ത് അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നയാൾ. ജിഹാദിയെന്ന് ആരോപിച്ച് CIA തലങ്ങും വിലങ്ങും അരിച്ചു പെറുക്കി നടന്നിരുന്ന അഹമ്മദ് അൽ-ഷറ. ഒരിക്കൽ അമേരിക്ക തലയ്ക്ക് 10 മില്യൺ ഡോളർ വിലയിട്ടിരുന്ന, തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട അതേ ആളെ ഇന്ന് വൈറ്റ് ഹൗസിലേക്ക് അതിഥിയായി ക്ഷണിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാരണം എന്താണെന്നല്ലേ. ഇന്ന് സിറിയ എന്ന രാജ്യത്തെ മുന്നോട്ട് നയിക്കുന്ന, ആ രാജ്യത്തിൻ്റെ ഇടക്കാല ഭരണാധികാരിയാണ് അഹമ്മദ് അൽ-ഷറ. അബു മുഹമ്മദ് അൽ-ജുലാനി എന്നും അറിയപ്പെട്ടിരുന്ന സിറിയയുടെ ഇന്നത്തെ പ്രസിഡന്റ് അമേരിക്ക സന്ദർശിച്ച് ട്രംപുമായി കൈ കൊടുത്തെന്നും പുതിയ കരാറുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടെന്നുമുള്ള വാർത്തകൾ അതുകൊണ്ട് തന്നെയാണ് ചർച്ച ചെയ്യപ്പെടുന്നതും.
1946 നു ശേഷം ആദ്യമായി ഒരു സിറിയൻ പ്രസിഡന്റ് അമേരിക്കൻ മണ്ണിൽ കാലു കുത്തിയിരിക്കുകയാണ്. അദ്ദേഹത്തിനു മുന്നിൽ തുറക്കപ്പെട്ടത് സാക്ഷാൽ വൈറ്റ് ഹൗസിന്റെ വാതിലുകളാണ്. ചരിത്രപരമായ സന്ദർശനം എന്നാണ് വിദഗ്ധർ ഈ സവിശേഷ നിമിഷത്തെ വിശേഷിപ്പിക്കുന്നത്. എട്ട് പതിറ്റാണ്ടിലേറെയായി ഒരു സിറിയൻ പ്രസിഡന്റ് വാഷിംഗ്ടണിലേക്ക് എത്തിയിട്ട് എന്നതാണ് എടുത്തു പറയേണ്ടത്. അൽ-ഷറ യുഎസ് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വാഷിംഗ്ടൺ അദ്ദേഹത്തെ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു എന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഇത്രയും കാലം അമേരിക്കയുടെ 'മോസ്റ്റ് വാണ്ടഡ് ജിഹാദിസ്റ്റ്' എന്ന ലിസ്റ്റിൽ ഉണ്ടായിരുന്നയാൾ ട്രംപിന്റെ അഥിതിയായി കഴിഞ്ഞു.
പഴയകാല ചരിത്രം പരിശോധിക്കുമ്പോൾ ഇത്രവേഗം അമേരിക്കൻ പ്രസിഡന്റുമായി മുഖാമുഖം നിലക്കാൻ കഴിയുന്ന തരത്തിലേയ്ക്ക് ഇന്നത്തെ സിറിയൻ പ്രസിഡണ്ട് അഹമ്മദ് അൽ-ഷറയുടെ പ്രൊഫൈൽ മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. സിറിയൻ പ്രസിഡൻ്റായിരുന്ന ബഷാർ അൽ അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നത് വരെ ലോക രാജ്യങ്ങൾക്കൊന്നും പിടികിട്ടാത്ത നിഗൂഢതയുടെ മറയ്ക്കുള്ളിലായിരുന്ന അൽ-ഷറ എന്ന സിറിയൻ വിമത നേതാവ്. കിഴക്കൻ സിറിയയിൽ ജനിച്ച് തലസ്ഥാനമായ ഡമാസ്‌കസിലാണ് അഹമ്മദ് അൽ-ഷറ വളർന്നത്. എന്ന് ജനിച്ചെന്നോ, എവിടെ ജനിച്ചെന്നോ കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. വ്യക്തി വിവരങ്ങൾ ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നുണ്ടെങ്കിലും, 2024 അവസാനത്തോടെ സിറിയയിൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് കാരണമായ കലാപത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ Ahmed al-Sharaa ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല.
അൽ ഖ്വയ്ദയുമായും, ISI യുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുൻ തീവ്രവാദ കമാൻഡറും, വിമത നേതാവുമാണ് അഹമ്മദ് അൽ-ഷറ. പണ്ട് അൽ ഖ്വയ്ദയുടെ ശാഖയായി പ്രവർത്തിച്ചിരുന്ന ഹയാത്ത് തഹ്രിർ അൽ-ഷാം മിനൊപ്പം ചേർന്ന് ഭീകര പ്രവത്തനങ്ങൾ നടത്തിയ ആളാണ് അൽ-ഷറ. ഇറാഖ് സംഘർഷ കാലത്ത് അമേരിക്കൻ സൈന്യം അദ്ദേഹത്തെ തടവിലാക്കിയിരുന്നുവെന്ന് ആണ് റിപ്പോർട്ട്. എന്നാൽ പിന്നീട് അൽ-ഖ്വയ്ദയിൽ നിന്നും, ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അവർ വേർപ്പെട്ടു മാറിനിൽക്കുകയായിരുന്നു അൽ-ഷറ. ദീർഘ കാലം അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ കയറിപ്പറ്റിയിരുന്ന അൽ-ഷറ , ബഷർ അൽ-അസദിനെ പുറത്താക്കിക്കൊണ്ടായിരുന്നു രാജ്യത്തെ സർക്കാരിന്റെ ഇടക്കാല തലവനായി ചുമതലയേൽക്കുന്നത്.

ഇന്ന് ആ ശത്രുവിൽ നിന്ന് അമേരിക്കയുടെ സഖ്യകക്ഷി എന്ന സ്ഥാനത്തേക്ക് അൽ-ഷറ എത്തുമ്പോൾ, ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നത് എന്താകുമെന്ന് ലോകം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അറബ് വസന്തം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ ആരംഭിച്ച 14 വർഷത്തെ സംഘർഷത്തിനുശേഷം സിറിയ ഇപ്പോൾ ആകെ കലങ്ങിമറിഞ്ഞിരിക്കുകയാണ്. ഇടക്കാല സർക്കാരിൻ്റെ തലവൻ എന്ന നിലയിൽ, രാജ്യത്തെ ഒന്നിച്ചു നിർത്താനും ആഭ്യന്തരയുദ്ധത്തിലേയ്ക്ക് സിറിയ തിരികെ പോകാതെ സിറിയയെ നയിക്കാനുമുള്ള കഴിവ് അൽ-ഷറക്ക് ഉണ്ടെന്നാണ് അമേരിക്കയുടെ അഭിപ്രായം. അഹമ്മദ് അൽ-ഷറയെ കൂടെ നിർത്തുന്നത് ഇറാനും റഷ്യയും വീണ്ടും രാജ്യത്ത് തന്ത്രപരമായ അടിത്തറ നേടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്.
തീവ്രവാദ പശ്ചാത്തലം ഉപേക്ഷിച്ച് സിറിയയുടെ ഭരണം നടത്തുകയാണ് അൽ-ഷറ എങ്കിലും, പലപ്പോഴും രാജ്യത്ത് സംഘർഷങ്ങൾ നടക്കാറുണ്ട്. അമേരിക്കയുടെ ഒപ്പം നിന്നാൽ, വർഷങ്ങളായി സിറിയയ്ക്ക് മേൽ നിലനിൽക്കുന്ന യുഎസ് ഉപരോധം പിൻവലിക്കപ്പെടുമെന്നും, ഇരു രാജ്യങ്ങൾക്കും ഇടയിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നും അൽ-ഷറ പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ISI സംഘടനയ്ക്കെതിരായ യുഎസ് സഖ്യത്തിലും അൽ-ഷറ ഒപ്പുവെക്കുമെന്നാണു വിവരം. ജിഹാദി ബന്ധമുള്ള ഒരു മുൻ തീവ്രവാദിയുമായി യുഎസ് ഇടപഴകുന്നത് ഒരു അപകടസാധ്യതയാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ ഇരു രാജ്യങ്ങളുടെയും കൂട്ട് കേട്ട് മെച്ചപ്പെട്ടാൽ പശ്ചിമേഷ്യയിൽ ഇനി പല സംഭവവികാസങ്ങളും ഉണ്ടാകുമെന്നും, US ഉം സിറിയയും പുത്തൻ കരാറുകളിക്ക് പോകുമെന്നുമടക്കമുള്ള വിലയിരുത്തലുകൾ ഉണ്ട്.
Content Highlights : From US enemy to ally? Syrian President Al -Sharaa in US White house