'തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണം'; ഹൈക്കോടതിയെ സമീപിച്ച് കൊടി സുനിയുടെ അമ്മ; വിശദീകരണം തേടി കോടതി

ജയിൽ വകുപ്പിനോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്

'തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണം'; ഹൈക്കോടതിയെ സമീപിച്ച് കൊടി സുനിയുടെ അമ്മ; വിശദീകരണം തേടി കോടതി
dot image

മലപ്പുറം: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതികളില്‍ ഒരാളായ സുനില്‍കുമാര്‍ എന്ന കൊടി സുനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി അമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നിലവില്‍ കഴിയുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ ജയില്‍ വകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടി.

കൊടി സുനിയെ ആദ്യം പാര്‍പ്പിച്ചിരുന്നത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടപടികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരി 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേസിന്റെ വിചാരണയ്ക്കായി തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹതടവുകാര്‍ക്കൊപ്പം സുനി മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ജൂലൈ പതിനേഴിനായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പാര്‍ക്കിങ് സ്ഥലത്ത് സഹതടവുകാര്‍ക്കൊപ്പം മദ്യപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീഴ്ച ചൂണ്ടിക്കാട്ടി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഓഗസ്റ്റ് പതിനേഴിനായിരുന്നു സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ജയില്‍ മാറ്റം. ഇതിന് ശേഷം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷയുള്ള ഒന്നാം നിലയിലെ സി ബ്ലോക്കില്‍ ഒറ്റയ്ക്കായിരുന്നു സുനിയെ പാര്‍പ്പിച്ചത്. സുനിയെ ഇടയ്ക്ക് കാണാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് സൂചന.

Content Highlights- Kodi suni should shift from Tavanur jail to Kannur jail; Mother approached to HC

dot image
To advertise here,contact us
dot image