

എടപ്പാള്‍: മലപ്പുറത്ത് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57), മകള്‍ അഞ്ജന (27) എന്നിവരാണ് മരിച്ചത്. അഞ്ജനയ്ക്ക് സെറിബ്രല്‍ പള്‍സി രോഗബാധയുണ്ടായിരുന്നു. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതാകുമാരി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഈ സമയം മകന്‍ ജോലിക്ക് പോയിരുന്നു.
അനിതാകുമാരിയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ സമീപവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ജനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഒരു മാസം മുന്‍പ് അനിതാകുമാരിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും ഇവരെ അലട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ മകളെ കൊലപ്പെടുത്തി അനിതാകുമാരി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- Mother and daughter found dead in edappal, malappuram