

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന 70 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 76 ഡിവിഷനുകളാണ് കോര്‍പ്പറേഷനിലുള്ളത്. ആറ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
സിപിഐഎം 59, സിപിഐ 8, കേരള കോണ്‍ഗ്രസ് മാണി 3, ജെഡിഎസ് 2, എന്‍സിപി 2, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നിവയ്ക്ക് ഒന്നു വീതം എന്നിങ്ങനെയാണ് സീറ്റ് വിഹിതം. പൂണിത്തൂറ, മട്ടാഞ്ചേരി, ഗിരിനഗര്‍, കടവന്ത്ര, പെരുമാനൂര്‍, പനമ്പിള്ളി നഗര്‍ തുടങ്ങിയവയാണ് പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള ഡിവിഷനുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ യുഡിഎഫ് നേതാക്കള്‍ ഇടംനേടിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായ അഞ്ച് പേരും മുസ്‌ലിം ലീഗില്‍ നിന്നെത്തിയ ഒരാളുമാണ് പട്ടികയിലുള്ളത്. ഗ്രേസി ജോസഫ്, പിഎം ഹാരിസ്, എംബി മുരളീധരന്‍, എ ബി സാബു, ഷീബ ഡ്യൂറോം, കെ ജെ പ്രകാശന്‍ എന്നിവരാണിവര്‍.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാജി ജോര്‍ജ് പ്രണതയെയും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. എറണാകുളം നോര്‍ത്ത് ഡിവിഷനിലാണ് ഷാജി ജോര്‍ജ് മത്സരിക്കുന്നത്. നിലവില്‍ കൗണ്‍സിലര്‍മാരായ ഒമ്പത് പേര്‍ വീണ്ടും മത്സരിക്കുന്നുണ്ട്. 40 വയസ്സില്‍ താഴെയുള്ള ഏഴ് പേര്‍ മത്സരരംഗത്തുണ്ട്. ആകെ 43 വനിതാ സ്ഥാനാര്‍ത്ഥികളാണുള്ളത്.