

ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് ‘കാട്ടാളൻ’. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നൽകുന്നുണ്ട്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതുമാണ് ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ ഒരു റെക്കോർഡ് ഡീൽ സിനിമ സ്വന്തമാക്കിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് ഡീൽ ആണ് കാട്ടാളൻ സ്വന്തം പേരിലാക്കിയത്. ഫാർസ് ഫിലിംസ് ആണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചിരുന്നത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനായ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്,വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Greateast overseas deal in the history of malayalam cinema for KATTALAN