സർക്കാർ ഏല്പിച്ച ദൗത്യത്തിൽ സന്തോഷം, മകരവിളക്ക് വരെയുള്ള കാര്യങ്ങളിൽ ഫോക്കസ്; കെ ജയകുമാർ

മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുക, അത് കുറ്റമറ്റതാക്കുക അതാണ് ആദ്യത്തെ ചലഞ്ചെന്ന് കെ ജയകുമാർ

സർക്കാർ ഏല്പിച്ച ദൗത്യത്തിൽ സന്തോഷം, മകരവിളക്ക് വരെയുള്ള കാര്യങ്ങളിൽ ഫോക്കസ്; കെ ജയകുമാർ
dot image

തൃശൂർ: പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സർക്കാർ തന്നെ ഉത്തരവാദിത്തം ഏൽപിച്ചതിൽ അഭിമാനമുണ്ടെന്ന് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ ജയകുമാറിനെ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. സർക്കാർ തന്നിൽ അർപ്പിച്ച വിശ്വാസം ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും വിശ്വാസമുള്ള അഡ്മിനിസ്‌ട്രേറ്റ് എന്ന നിലയിലായിരിക്കും തന്റെ പ്രവർത്തനമെന്നും ജയകുമാർ പറഞ്ഞു.

പ്രതിസന്ധിഘട്ടമാണെന്നത് ശരിയാണ്. ആ ഘട്ടത്തിൽ സർക്കാർ വിശ്വാസത്തോടെ ഒരു ജോലി തന്നെ ഏൽപിക്കുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഇപ്പോൾ അവിടെ എന്ത് സംഭവിക്കുന്നു എന്ന കാര്യം അറിയില്ല. നിലവിലുള്ള ബോർഡ് കുറച്ചു ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 17ന് മണ്ഡല തീർത്ഥാടനകാലം ആരംഭിക്കുകയാണ്. നിലവിലുള്ള ബോർഡ് ചെയ്ത കാര്യങ്ങളും അവർ പകുതിയാക്കിവെച്ച കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കണം. മകരവിളക്ക് വരെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ഫോക്കസ്. മറ്റ് കാര്യങ്ങളൊന്നും ഫോക്കസിൽ ഇല്ല. അത് ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ജയകുമാർ പറഞ്ഞു.

തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കുക, അത് കുറ്റമറ്റതാക്കുക അതാണ് ആദ്യത്തെ ചലഞ്ച്. കാര്യങ്ങൾ പഠിക്കണം. വിശ്വാസിയായ ഒരു അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിലായിരിക്കും അവിടെ പ്രവർത്തിക്കുക. സർക്കാരിന്റെ വിശ്വാസവും വിശ്വാസികളുടെ വിശ്വാസവും ഇതിൽ അടങ്ങിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ചേർന്ന സിപിഐഎം സേക്രട്ടേറിയേറ്റിലാണ് ജയകുമാറിനെ ദേവസ്വം പ്രസിഡന്റായി നിയമിക്കാൻ തീരുമാനിച്ചത്. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രിയാണ് നിർദേശിച്ചത്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. സിപിഐഎം സെക്രട്ടേറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights : K Jayakumar reacts on his new posting on Travancore Devaswom Board president

dot image
To advertise here,contact us
dot image