

തൃശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രധാന പ്രതി മുംബൈയിൽ അറസ്റ്റിലായി. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് അറസ്റ്റിലായത്. പ്രഗിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഗുരുവായൂരിൽ എത്തിക്കും.
ഒക്ടോബർ പത്തിനാണ് കർണംകോട് ബസാറിലെ വാടകവീട്ടിൽ മുസ്തഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയെതുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് മുസ്തഫ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പ്രഗിലേഷ്, ദിവേക് എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഇരുവരും മുസ്തഫയെ വീട്ടുകാരുടെ മുന്നിൽവെച്ച് മർദിച്ചതായും പരാതി ഉണ്ടായിരുന്നു.
ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കുറിപ്പിൽ ആരോപിച്ചിരുന്നു. കേസിന് പിന്നാലെ പ്രഗിലേഷും കുടുംബവും ഒളിവിൽ പോയിരുന്നു. ഇരു പ്രതികളുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരുവരും മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് കാറിൽ പോയതായാണ് വിവരം ലഭിച്ചത്. ഇത് ശരിവെക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രഗിലേഷിനെ പിടികൂടിയത്.
Content Highlights : merchant musthafa death, The main accused arrested