

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗിന്റെ പൊതുസമ്മേളനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മാങ്കൂട്ടത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പിന്നെ കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ മത്സരം അവസാനിപ്പിച്ചുകൊണ്ട് പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗിന്റെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ജില്ലാ പട്ടയമേളയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ മന്ത്രി കൃഷ്ണന്‍കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവരും പങ്കെടുത്തിരുന്നു. പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിന് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഉദ്ഘാടനങ്ങളിലും ചില പ്രാദേശിക പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
Content Highlight; Rahul Mamkootathil attends Youth League event for the first time after controversies