അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ല; പിഎംഎ സലാമിന്‍റെ അധിക്ഷേപ പരാമർശത്തിൽ കുഞ്ഞാലിക്കുട്ടി

'കേരളത്തിലെ ഏറ്റവും വലിയ അതി ദരിദ്രൻ ഗവൺമെന്‍റാണ്, സർക്കാരിന്റെ കയ്യിൽ അത്യാവശ്യത്തിന് പോലും കാശില്ല'

അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ല; പിഎംഎ സലാമിന്‍റെ അധിക്ഷേപ പരാമർശത്തിൽ കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും. ലീഗിന് ഒരു രീതിയുണ്ടെന്നും അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്ന പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിനെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.

ശക്തമായി വിമർശിക്കും എന്നാൽ, വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്റെ രീതിയല്ല. പിഎംഎ സലാമിനെ പാർട്ടി പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്. തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും. നാക്കുപിഴ ആർക്കും സംഭവിക്കാം. നാളെ തനിക്കും സംഭവിക്കാം. അങ്ങനെ വന്നാലും പാർട്ടി തിരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനെതിരെ കുഞ്ഞിലിക്കുട്ടി വിമർശനം ആവർത്തിച്ചു. പ്രഖ്യാപനത്തിന്റെ യാഥാർത്ഥ്യവും അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തും ജനങ്ങൾ കൂടുതൽ വിലയിരുത്തേണ്ട സമയമായി. കേരളത്തിലെ ഏറ്റവും വലിയ അതി ദരിദ്രൻ ഗവൺമെന്റാണ്. സർക്കാരിന്റെ കയ്യിൽ അത്യാവശ്യത്തിന് പോലും കാശില്ല. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികൾക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കൽ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സർക്കാരിന് തിരിച്ചടി ആകും. അതി ദാരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ വരും. ബദൽ മാർഗം യുഡിഎഫ് കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തെ തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലാത്തതാണെന്നും സാധാരണനിലയിൽ മുസ്ലിം ലീഗ് നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതല്ലെന്നും ശിവൻകുട്ടി പറഞ്ഞു.സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളു. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights : PK Kunhalikutty reacts on PMA Salam's abusive remarks against the Chief Minister

dot image
To advertise here,contact us
dot image