'മാസശമ്പളമുള്ള ജോലി എന്നത് മറന്നേക്കൂ, കമ്പനികൾക്ക് ആളുകളെ ആവശ്യമില്ലാത്ത കാലം വരാൻപോകുന്നു';മുന്നറിയിപ്പ്

വൈറ്റ് കോളർ ജോലികളുടെ ഭാവിയെപ്പറ്റിയാണ് മാർകെല്ലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സൗരഭ് മുഖർജി പറയുന്നത്

'മാസശമ്പളമുള്ള ജോലി എന്നത് മറന്നേക്കൂ, കമ്പനികൾക്ക് ആളുകളെ ആവശ്യമില്ലാത്ത കാലം വരാൻപോകുന്നു';മുന്നറിയിപ്പ്
dot image

നല്ല ശമ്പളമുള്ള ജോലി എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. കുടുംബത്തിന്റെയും വ്യക്തിഗതമായ സ്ഥിരതയുടെയും ഒരു അടയാളവും സൂചകവുമാണ് ഒരാൾക്ക് ലഭിക്കുന്ന നല്ല ശമ്പളം. വൈറ്റ് കോളർ ജോലികൾ ചെയ്യുന്നവർക്ക് മാസത്തിൽ ലഭിക്കുന്ന ശമ്പളം കൊണ്ടാണ് കാര്യങ്ങളടക്കം കഴിഞ്ഞുപോകുന്നത്. എന്നാൽ അത്തരക്കാർക്ക് ഒരു മുന്നറിയിപ്പുമായി പ്രശസ്തമായ ഒരു ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനത്തിന്റെ ഉടമ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

വൈറ്റ് കോളർ ജോലികളുടെ ഭാവിയെപ്പറ്റിയാണ് മാർകെല്ലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സൗരഭ് മുഖർജി പറയുന്നത്. മാസശമ്പളമുള്ള ജോലി എന്ന കൺസപ്റ്റ് തന്നെ ഇല്ലാതെയായി വരികയാണെന്നും വൈറ്റ് കോളർ ജോലികളുടെ ഭാവി തന്നെ ഒരു പ്രതിസന്ധിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത് നമുക്കിപ്പോൾത്തന്നെ കാണാനാകുമെന്നും അവ മാറ്റാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വൈറ്റ് കോളർ ജോലികളുടെ എണ്ണം നാമമാത്രമായാണ് വളർന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഓട്ടോമേഷനും കോർപ്പറേറ്റ് കാര്യക്ഷമതയുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ഇപ്പോൾ പുതിയ ആളുകളെ എടുക്കാതെത്തന്നെ അവരുടെ ബിസിനസ്സ് വികസിപ്പിക്കാൻ കഴിയും. അതാണ് ഓട്ടോമേഷന്റെ സാധ്യത എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഓരോ വർഷവും പഠിച്ചുപുറത്തിറങ്ങുന്ന, ലക്ഷക്കണക്കിന് ബിരുദധാരികളുടെ ഭാവി എന്തായിരിക്കുമെന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എട്ട് ലക്ഷത്തോളം ബിരുദധാരികളാണ് തൊഴിൽമാർക്കറ്റിലേക്ക് ഓരോ വർഷവും എത്തുന്നത്. ഇവർക്ക് നൽകാനുള്ള തൊഴിൽ നമുക്കില്ല. കൃത്യമായ ഒരു കോർപ്പറേറ്റ് കൺസ്ട്രക്ട് ഇല്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് ഇവർക്ക് വേണ്ട ഉപജീവനമാർഗം കണ്ടെത്തി നൽകാനാകുക എന്നത് രാജ്യം ചിന്തിക്കണം എന്നും സൗരഭ് മുഖർജി പറയുന്നു.

ഗിഗ് എക്കോണമിയുടെ വളർച്ചയാകും ഇനി ഉണ്ടാകാൻ പോകുന്നത് എന്നും സൗരഭ് പ്രവചിക്കുന്നുണ്ട്. സ്വയം തൊഴിൽ സംസ്കാരം വളർന്നുവരികയാണ്. ഇവർക്കെല്ലാം പിന്നിലാണ് സാലറി ലഭിക്കുന്ന ജോലിസംസ്കാരങ്ങളുടെ സ്ഥാനം എന്നും അദ്ദേഹം പറയുന്നു. വരുംകാലങ്ങളിൽ ഇതാകും സംഭവിക്കുക എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

Content Highlights: famous investor cautions about dwindling influence of white collar jobs and salaries jobs

dot image
To advertise here,contact us
dot image