'ഇതെന്താ കസേരകളിയോ? സഞ്ജുവിനെ എന്തിന് മൂന്നാമത് ഇറക്കി?'; രൂക്ഷവിമര്‍ശനവുമായി മുന്‍ താരം

ടി20യില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ബാറ്റിങ് ഓര്‍ഡര്‍ മാറ്റുന്നതിനെതിരെയാണ് താരം തുറന്നടിച്ചത്

'ഇതെന്താ കസേരകളിയോ? സഞ്ജുവിനെ എന്തിന് മൂന്നാമത് ഇറക്കി?'; രൂക്ഷവിമര്‍ശനവുമായി മുന്‍ താരം
dot image

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി സദഗോപന്‍ രമേശ്. ടി20യില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ബാറ്റിങ് ഓര്‍ഡര്‍ മാറ്റുന്നതിനെതിരെയാണ് താരം തുറന്നടിച്ചത്. മലയാളി താരം സഞ്ജു സാംസണെ വൺഡൗണായി ഇറക്കിയതിനെ കുറിച്ചും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

മെൽബണിൽ‌ നടന്ന രണ്ടാം ടി20യിൽ പ്രമോഷന്‍ കിട്ടി സഞ്ജു സാംസണ്‍ മൂന്നാം നമ്പരിലാണ് ഇറങ്ങിയത്. ഇതോടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാമനായാണ് ഇറങ്ങിയത്. ശിവം ദുബെയ്ക്ക് മുമ്പ് ഹര്‍ഷിത് റാണ ബാറ്റ് ചെയ്യാനെത്തി. തിലക് വര്‍മ്മ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തി. ഇതെല്ലാം ചൂണ്ടിക്കാണിച്ച രമേശ് തുടര്‍ച്ചയായ മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ മ്യൂസിക്കല്‍ ചെയര്‍ അല്ലെങ്കിൽ കസേരകളി കളിക്കുന്നത് നിര്‍ത്തണം. രണ്ടാം ടി20യിൽ 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നന്നായി കളിച്ചില്ലേ? സൂര്യ ഔട്ടായിട്ടുമില്ല. പിന്നെ എന്തിനാണ് സഞ്ജു സാംസണെ മൂന്നാം സ്ഥാനത്ത് ഇറക്കിയത്?', സദഗോപന്‍ രമേശ് ഇന്‍സ്റ്റാഗ്രാമില്‍ ചോദിച്ചു.

'ഓപ്പണിങ്ങില്‍ നിന്ന് സഞ്ജു അഞ്ചാം സ്ഥാനത്തേക്ക് പോയി. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്കും പോയി. അതുകൊണ്ട് അടുത്തത് ആരാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതെന്ന് എല്ലാവർക്കും ഒരു ആശയക്കുഴപ്പമായി. നാലാം നമ്പറിൽ ഇറക്കിയാണ് തിലക് വർമ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ വിജയിപ്പിച്ചത്. ആ തിലകിനെ നിങ്ങൾ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി. ഹര്‍ഷിതിനെ ദുബെയ്ക്ക് മുമ്പ് ഇറക്കുകയും ചെയ്തു'‌, സദഗോപന്‍ രമേശ് പറഞ്ഞു.

'നന്നായി പാചകം ചെയ്യുന്ന ഒരാളെ ഡ്രൈവറാക്കാന്‍ കഴിയില്ല. നല്ലൊരു ഡ്രൈവറെ പാചകക്കാരനാകാന്‍ കഴിയില്ല. അതുപോലെ മാനേജ്‌മെന്റ് ഓരോ കളിക്കാരന്റെയും ശക്തിയിലും ടീമിലെ അദ്ദേഹത്തിന്റെ റോളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ റോളില്‍ അവരില്‍ നിന്ന് ഏറ്റവും മികച്ചത് നേടുകയും വേണം. അവര്‍ എന്തെങ്കിലും അധികമായി ചെയ്താല്‍, അത് നല്ലതുമാണ്,' രമേശ് കൂട്ടിച്ചേർത്തു.

Content Highlights: Sadagoppan Ramesh slammed the team management for shuffling with the batting line-up in AUS vs IND 2025 2nd T20

dot image
To advertise here,contact us
dot image