

2025ലെ ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് മുംബൈയിലെ താജ്മഹൽ പാലസ് 38-ാം സ്ഥാനം നേടി പട്ടികയിൽ ഇടംപിടിച്ചു. ആദ്യമായാണ് ഇന്ത്യയിൽ നിന്നൊരു ഹോട്ടൽ ഈ പട്ടികയിൽ ഇടംപിടിക്കുന്നത്. യാത്രാ, ഹോസ്പിറ്റാലിറ്റി വിദഗ്ധരായ 800ലധികം പേർ ഉൾപ്പെടുന്ന ഒരു പാനലാണ് വോട്ടിംഗിലൂടെ ഹോട്ടലുകളെ തെരഞ്ഞെടുത്തത്. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്‌സ്ഗേറ്റിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
റോസ് വുഡ് ഹോങ്കോങ്ങാണ് പട്ടികയിൽ ആദ്യസ്ഥാനത്തെത്തിയ്. 400ലധികം മുറികളുള്ള, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ഒരു ആഡംബര ഹോട്ടലാണ് റോസ് വുഡ് ഹോങ്കോങ്ങ്. ഫോർ സീസൺസ് ബാങ്കോക്ക് അറ്റ് ചാവോ ഫ്രായ റിവർ ആണ് പട്ടികയിൽ രണ്ടാമതെത്തിയ ഹോട്ടൽ. ശാന്തമായ നദീതീര പശ്ചാത്തലം, ക്യൂറേറ്റഡ് കലാ ശേഖരം, കുറ്റമറ്റ തായ് ആതിഥ്യമര്യാദ എന്നിവയാണ് ഈ ഹോട്ടലിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാപ്പെല്ല ബാങ്കോക്ക് മൂന്നാം സ്ഥാനം നേടി.
ഇന്ത്യയുടെ അഭിമാനമായി മുംബൈയിലെ താജ്മഹൽ പാലസാണ് പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ഹോട്ടൽ. താജ്മഹൽ പാലസ് 38-ാം സ്ഥാനമാണ് നേടിയത്. 1903 സ്ഥാപിതമായ താജ്മഹൽ പാലസ് പൂർണ്ണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആഡംബര പ്രോപ്പർട്ടിയാണ്. ഹാൻഡ്ലൂം പരവതാനികൾ, സിൽക്ക് ഡ്രാപ്പുകൾ, നാല് പോസ്റ്റർ കിടക്കകൾ, ക്രിസ്റ്റൽ ഷാൻഡിലിയറുകൾ എന്നിവയുടെ പ്രൗഡി പകരുന്ന താജ്മഹൽ പാലസിൻ്റെ ഇൻ്റീരിയർ രാജകീയ ചാരുതയ്ക്ക് പേര് കേട്ടതാണ്. നേരത്തെ 50 ഹോട്ടലുകളെ തെരഞ്ഞെടുക്കാനായി ഉണ്ടാക്കിയ വിപുലീകൃത പട്ടികയിൽ (51-100) മൂന്ന് ഇന്ത്യൻ ഹോട്ടലുകൾ ഇടംനേടിയിരുന്നു. സുജൻ ജവായ് (റാങ്ക് 91), ദി ജോഹ്രി, ജയ്പൂർ (റാങ്ക് 93), അമൻബാഗ്, അജബ്ഗഡ് (റാങ്ക് 100) എന്നിവയായിരുന്നു വിപുലീകൃത പട്ടികയിൽ ഇടംനേടിയത്
ഏഷ്യയിൽ നിന്നുള്ള ഹോട്ടലുകൾക്കാണ് പട്ടികയിൽ ആധിപത്യം. 20 ഹോട്ടലുകളാണ് ഏഷ്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയത്. ടോക്കിയോ ആസ്ഥാനമായുള്ള നാല് ഹോട്ടലുകൾ ഉൾപ്പെടെ ജപ്പാനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹോട്ടലുകൾ ഇടംനേടിയത്.
Content Highlights: The Taj Mahal Palace Mumbai, Among World's 50 Best Hotels 2025