'മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആർ; കേന്ദ്രപദ്ധതികളിൽ നിന്ന് കേരളം പുറത്താകാൻ ഇടയാക്കും'

ഒരു ചര്‍ച്ചയുമില്ലാതെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിക്കാനാണ് നിയമസഭ വിളിച്ചുകൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ്

'മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പിആർ; കേന്ദ്രപദ്ധതികളിൽ നിന്ന് കേരളം പുറത്താകാൻ ഇടയാക്കും'
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചതിന് ശേഷമാണ് പ്രതികരണം.

അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ദരിദ്രരില്‍ അതിദരിദ്രരെ തീരുമാനിച്ച് കേന്ദ്രം എഎവൈ പ്രകാരമുള്ള 5,95,000 കാര്‍ഡുകള്‍ ഇവിടെ വിതരണം ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ആ കാര്‍ഡുകള്‍ അനുസരിച്ച് 5,95,000 അതിദരിദ്രര്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ പട്ടിണികൊണ്ട് മരിച്ചുവെന്നാണ് ഇന്നത്തെ വാര്‍ത്ത. അവര്‍ ഈ പട്ടികയില്‍പ്പെട്ടിട്ടില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു.

ഒരു ചര്‍ച്ചയുമില്ലാതെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിക്കാനാണ് നിയമസഭ വിളിച്ചുകൂട്ടിയത്. മുഖ്യമന്ത്രി പ്രഖ്യാപിക്കും, നമ്മള്‍ അത് കേള്‍ക്കണം. എല്ലാ മാധ്യമങ്ങളിലും കോടികള്‍ മുടക്കി പരസ്യം നല്‍കിയ കാര്യമാണ് നിയമസഭാംഗങ്ങളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതുകൊണ്ടുകൂടിയാണ് ബഹിഷ്‌കരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെട്ടിപ്പും പച്ച നുണകളുടെ സമാഹരണവുമാണ്. കേരളത്തില്‍ നാലരലക്ഷം പരമദരിദ്രര്‍ ഉണ്ടെന്നാണ് പ്രകടനപത്രികയില്‍ പറഞ്ഞത്. സുപ്രഭാതത്തില്‍ അതെങ്ങനെ 64,000 പേരായി. ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയിക്ക് അകത്തും പുറത്തും സമരം നടത്തിവരികയാണ്. അതിന്റെ ഭാഗമായി കൂടിയാണ് നിയമസഭയുമായി സഹകരിക്കാത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: Extreme poverty Free state announcement is CM Pinarayi Vijayans PR Said V D Satheesan

dot image
To advertise here,contact us
dot image