ശബരിമല സ്വർണ്ണക്കൊള്ള; വിജയ് മല്യ സ്വർണം പൂശിയ രേഖകൾ പിടിച്ചെടുത്ത് എസ്ഐടി,റെക്കോർഡ് റൂമിൽ നേരിട്ട് കയറി സംഘം

രേഖാമൂലം ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാത്തതിനെ തുടർന്നാണ് എസ്ഐടിയുടെ നടപടി

ശബരിമല സ്വർണ്ണക്കൊള്ള; വിജയ് മല്യ സ്വർണം പൂശിയ രേഖകൾ പിടിച്ചെടുത്ത് എസ്ഐടി,റെക്കോർഡ് റൂമിൽ നേരിട്ട് കയറി സംഘം
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. 1999ൽ വിജയ് മല്യ ശബരിമലയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി റെക്കോർഡ് റൂമിൽ നേരിട്ട് കയറിയാണ് അന്വേഷണ സംഘം രേഖകളെടുത്തത്. രേഖാമൂലം ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാത്തതിനെ തുടർന്നാണ് നടപടി. കൂടുതൽ പരിശോധനകൾ നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുരാരി ബാബുവിനെ റാന്നി കോടതി നവംബർ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ എസ്‌ഐടി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ശബരിമല ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ സെപ്തംബർ 22നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബുവിനെതിരെ മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

Content Highlights: SIT seizes Devaswom Board documents

dot image
To advertise here,contact us
dot image