ഫ്രഷ് കട്ട് പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ; പ്ലാന്‍റിലേക്കുള്ള റോഡുകളിലും നിയന്ത്രണം

അമ്പായത്തോട് ജംഗ്ഷനിലും പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലും നിയന്ത്രണങ്ങൾ

ഫ്രഷ് കട്ട് പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ; പ്ലാന്‍റിലേക്കുള്ള റോഡുകളിലും നിയന്ത്രണം
dot image

കോഴിക്കോട്: പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമ്പായത്തോട് ജംഗ്ഷനിലും പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിയന്ത്രണങ്ങളുണ്ടാകും. ഏഴ് ദിവസത്തേക്കാണ് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.

സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇന്ന് ഫ്രഷ്‌കട്ട് പ്ലാന്റ് തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഡയറക്ടർ ബോർഡ് യോഗം ചേർന്ന് പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമേ തുറന്നു പ്രവർത്തിക്കുകയുള്ളൂവെന്നും അതിനാൽ തന്നെ ഇന്ന് പ്ലാൻ് തുറന്ന് പ്രവർത്തിക്കില്ലെന്നും ഉടമകൾ അറിയിച്ചിരുന്നു. എന്നാൽ പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാണ് ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില്‍ നിന്നും 20 ആയി കുറയ്ക്കണം, വൈകിട്ട് ആറ് മുതല്‍ 12 വരെ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ല, പഴകിയ അറവD മാലിന്യങ്ങള്‍ പ്ലാന്റില്‍ കൊണ്ടുവരാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് പ്രവര്‍ത്തനാനുമതി നൽകിയത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്‍റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

ഫ്രഷ് കട്ട് സംഘർഷത്തിൽ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Content Highlights: Prohibitory order at Ambayathode fresh cut factory area

dot image
To advertise here,contact us
dot image