


 
            കൊച്ചി: അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡിസതീശന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. കേരളത്തിന് നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് പി രാജീവ് പറഞ്ഞു. അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്. ഇതുവരെ പ്രതിപക്ഷ നേതാവ് സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തെറ്റായ സമീപനമാണ്. ഈ നേട്ടം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും പി രാജീവ് പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള കണ്ടെത്തലിന് പിന്നിലെ മാനദണ്ഡമെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. അത്തരത്തിലുള്ള ആളുകൾ കേരളത്തിലുണ്ട്. പ്രഖ്യാപനം തട്ടിപ്പാണെന്നും സർക്കാരിന്റേത് കള്ളക്കണക്കാണെന്നും സതീശൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജീവിന്‍റെ പ്രതികരണം.
യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോയെന്ന് രാജീവ് ചോദിച്ചു. നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം തങ്ങളുടെ കുഴപ്പമല്ല. തെറ്റായ പ്രചാരവേല ചിലവാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടും രാജീവ് പ്രതികരിച്ചു. കേരളം അർഹിക്കുന്നത് കിട്ടാത്തതിൽ ചർച്ച വേണം. അർഹിക്കുന്ന ഫണ്ട് നൽകാത്തത് തെറ്റായ സമീപനമാണ്. അർഹതപ്പെട്ട ഫണ്ട് ലഭിക്കാൻ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു.
പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നടത്തിയ 'കാവി പണം' പരാമർശത്തെ പി രാജീവ് രൂക്ഷമായി വിമർശിച്ചു. കാവി പണം എന്ന് പറയാൻ ബിജെപി ഓഫീസിൽ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രൽ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി.
പിഎം ശ്രീയിൽനിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറിൽനിന്ന് പിന്മാറാൻ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു. കരാറിൽനിന്ന് പിന്മാറാൻ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Content Highlights: P Rajeev responds to criticisms related kerala poverty eradication
 
                        
                        