


 
            ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. 40 ലക്ഷം രൂപ തട്ടിയ കേസിൽ എറണാകുളം ടൗൺ സൗത്ത് പൊലീസാണ് ഷർഷാദിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തിക്കും.
കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെൻഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 2023 ലാണ് പണം തട്ടിയത്. വാർഷിക റിട്ടേണും ലാഭവും ഷെയറും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനി ഡയറക്ടർ ആയ ഷർഷാദ് ഒന്നാം പ്രതിയും സിഇഒ ആയ തമിഴ്നാട് സ്വദേശി ശരവണൻ രണ്ടാം പ്രതിയുമാണ്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും മകനും എതിരെ ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ച പരാതി നേരത്തെ വിവാദമായിരുന്നു. യു കെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഐഎം നേതാക്കളും തമ്മിൽ അനധികൃത ഇടപാട് നടന്നെന്ന് ആരോപിച്ചായിരുന്നു പരാതി. ആരോപണത്തിന് പിന്നാലെ എം വി ഗോവിന്ദനും തോമസ് ഐസക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Content Highlights: Financial fraud case Industrialist Muhammad Sharshad arrested
 
                        
                        