


 
            ചെന്നൈ: എഐഎഡിഎംകെ മുൻ മന്ത്രിയും എംഎൽഎയുമായ കെ എ സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയ ഒ പനീർസെൽവത്തിനും ടിടിവി ദിനകരനുമൊപ്പം തേവർ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് നടപടി.
പാർട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്നും ആവർത്തിച്ച് പാർട്ടി നിയമങ്ങൾ ലംഘിച്ചുവെന്നും കെ എ സെങ്കോട്ടയ്യനെ പുറത്താക്കിയ വിവരം അറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
എംജിആറും ജയലളിതയും മുന്നോട്ടുവെച്ച തത്വങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുന്ന പാർട്ടിയാണ് എഐഎഡിഎംകെ. പാർട്ടിയുടെ നിലപാടുകൾക്കും നിയമങ്ങൾക്കുമെതിരെ ആര് പ്രവർത്തിച്ചാലും പദവിയോ സ്ഥാനങ്ങളോ നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു. ആരും പാർട്ടിക്കും അതിന്റെ തത്വശാസ്ത്രങ്ങൾക്കും അധീതരല്ലെന്നും സെങ്കോട്ടയ്യനുമായി ബന്ധപ്പെടരുതെന്നും നേതാക്കളോട് പളനിസ്വാമി നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറണമെങ്കിൽ പാർട്ടിയിൽ ഐക്യം ഉയർന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി വി ഷൺമുഖം, അൻപഴകൻ, വി കെ ശശികല, ടിടിവി ദിനകരൻ, ഒ പനീർശെൽവം, എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നും നീക്കിയിരുന്നു.
Content Highlights: KA Sengottaiyan removed from AIADMK
 
                        
                        