


 
            2030ൽ ചന്ദ്രനിൽ മനുഷ്യരെ കാലുകുത്തിക്കാനുള്ള പദ്ധതികളുമായി ചൈന ദ്രുതഗതിയിൽ മുന്നോട്ടുപോകുകയാണെന്ന് റിപ്പോർട്ട്. ടിയാൻഗോങ് ബഹിരാകാശനിലയത്തിലേക്ക് പോകുന്ന പുതിയ ബഹിരാകാശയാത്രികളെ പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് ചൈനീസ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ഒന്നാമനാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈന 2030ൽ ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള ഗവേഷണ പദ്ധതികളും മറ്റും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് എന്ന് ചൈനീസ് അധികൃതർ പറഞ്ഞു. പദ്ധതിക്കായുള്ള ബഹിരാകാശവാഹനം, യാത്രികർക്കുള്ള മൂൺ ലാൻഡിംഗ് സ്യൂട്ടുകൾ എന്നിവ നിലവിൽ നിർമാണഘട്ടത്തിലും പരീക്ഷണഘട്ടത്തിലുമാണ്. 2030ൽ തന്നെ ചന്ദ്രനിൽ ചൈനീസ് കൊടിപാറിക്കുമെന്ന് പദ്ധതിയുടെ ഔദ്യോഗിക വക്താവ് ഉറപ്പിച്ചുപറഞ്ഞു.
മൂന്ന് ബഹിരാകാശയാത്രികരാണ് നിലവിൽ നിർമാണഘട്ടത്തിലുള്ള ടിയാൻഗോങ് ബഹിരാകാശനിലയത്തിലേക്ക് ഉടൻ യാത്രതിരിക്കുക. നിലവിലുള്ള ബഹിരാകാശയാത്രികരുടെ ആറ് മാസക്കാലയളവ് അവസാനിച്ചതോടെയാണ് ഇവർ യാത്ര തിരിക്കുന്നത്. ഒക്ടോബർ 31ന് രാത്രി 11.44ന് ജിയുക്വാൻ ലോഞ്ച് പാഡിൽനിന്നാണ് മൂവരും യാത്ര തിരിക്കുക.
രണ്ട് ആൺ ചുണ്ടെലികളെയും, രണ്ട് പെൺ ചുണ്ടെലികളെയും സംഘം കൊണ്ടുപോകും. ബഹിരാകാശത്ത് ഇവയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാനാണ് ഈ നീക്കം. ചൈനീസ് ബഹിരാകാശ പദ്ധതിക്ക് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന യുഎസ് ദേശീയ സുരക്ഷാ ഏജൻസിയുടെ ആശങ്കകളെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ചൈനയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചൈന ടിയാൻഗോങ് അഥവാ "സ്വർഗ്ഗ കൊട്ടാരം" എന്നർത്ഥമുള്ള പുതിയ ബഹിരാകാശ നിലയം നിർമ്മിക്കാൻ ആരംഭിച്ചത്.
Content Highlights: china to take up humans to moon by 2030
 
                        
                        