


 
            മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പേരില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. എടപ്പാള്‍ കണ്ടനകം കെഎസ്ആര്‍ടിസിയിലെ റീജിയനല്‍ വര്‍ക്ക് ഷോപ്പിലെ സ്റ്റോര്‍ ഇഷ്യൂവര്‍ എം സന്തോഷ് കുമാറിനെതിരെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി. സമൂഹമാധ്യമം വഴി സന്തോഷ് കുമാര്‍ അപവാദപ്രചാരണം നടത്തിയതായാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷാജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത് ഗുരുതര ചട്ടലംഘനവും പെരുമാറ്റ ദൂഷ്യവുമാണ് എന്നാണ് ഉത്തരവില്‍ പറയുന്നത്.
കേരളാ സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 10 പ്രകാരം സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായാണ് സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സന്തോഷ് കുമാര്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അധിക്ഷേപിച്ചുളള ഫോട്ടോകള്‍ ഉള്‍പ്പെടെയുളള പോസ്റ്റുകളില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് കമന്റുകള്‍ രേഖപ്പെടുത്തി കോര്‍പ്പറേഷന്റെ പ്രതിച്ഛായക്ക് കളങ്കംവരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് കെഎസ്ആര്‍ടിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നവമാധ്യമങ്ങളിലൂടെ അവഹേളിച്ചത് കേരള ഗവ. സര്‍വന്റ് കോണ്‍ട്രാക്ട് റൂള്‍സിന് വിരുദ്ധമായ പ്രവര്‍ത്തിയാണ്. മുഖ്യമന്ത്രി, ജനപ്രതിനിധികള്‍, കെഎസ്ആര്‍ടിസിയിലെ വിവിധ അധികാര സ്ഥാനങ്ങളില്‍ ഉളളവര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കും കോര്‍പ്പറേഷനുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റും പ്രസ്താവനകളും പ്രചരിപ്പിക്കുന്നതില്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളാകാന്‍ പാടില്ലെന്ന ഉത്തരവിന് വിരുദ്ധമായുളള അദ്ദേഹത്തിന്റെ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനവും അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമാണ് എന്നും ഉത്തരവില്‍ പറയുന്നു.
Content Highlights: KSRTC suspends employee for commenting on social media against CM Pinarayi Vijayan
 
                        
                        